WORLD

ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 88 യുഎൻ സ്റ്റാഫ് അംഗങ്ങൾ ; രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യ

വെബ് ഡെസ്ക്

ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ. രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഒരൊറ്റ സംഘർഷത്തിൽ ഇത്രയും കൂടുതൽ യുഎൻ സ്റ്റാഫ് അംഗങ്ങൾ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎൻ അറിയിച്ചു. നിരവധി യുഎൻ ഇതര മാനുഷിക സംഘടനകളുമായി ചേർന്ന് പുറത്തിറക്കിയ അപൂർവ സംയുക്ത പ്രസ്താവനയിലാണ് യുഎൻ ജീവനക്കാരും കൊല്ലപ്പെട്ടതായി അറിയിച്ചത്.

ഒക്ടോബർ 7 മുതൽ 175 ആരോഗ്യ പ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 34 സിവിൽ ഡിഫൻസ് ജീവനക്കാരും കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രി മൈ അൽ കൈല പറഞ്ഞു. ഇതേ കാലയളവിൽ 36 ആശുപത്രികളിൽ 16 എണ്ണവും 72 ക്ലിനിക്കുകളിൽ 51 എണ്ണവും ഇസ്രയേൽ ബോംബാക്രമണം മൂലമോ, സൗകര്യങ്ങൾ പ്രവർത്തിക്കാനുള്ള ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലമോ പ്രവർത്തനം നിർത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

അൽ-അഹ്‌ലി അറബ് ഹോസ്പിറ്റൽ പോലുള്ള ആശുപത്രികളിലും ആംബുലൻസുകളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും രോഗികളും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ വ്യാപകമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രമായി ഗാസ മുനമ്പിലെ ഏഴ് ജല സംഭരണികൾക്ക് ഇസ്രയേൽ ആക്രമണത്തിൽ നാശ നഷ്ടമുണ്ടായി.

മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുമ്പോഴും ഗാസയിൽ രാത്രി മുഴുവൻ കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. അൽ-മഗാസി ക്യാമ്പ് ഉൾപ്പടെ ഗാസയിലെ മൂന്ന് അഭയാർഥി ക്യാമ്പുകളിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം റെയ്ഡുകളും അറസ്റ്റുകളും നടത്തുന്നുണ്ട്.

സൈന്യവും സായുധരായ പലസ്തീൻ പോരാളികളും തമ്മിൽ തുറന്ന ഏറ്റുമുട്ടലുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഷുഫത്ത് അഭയാർഥി ക്യാമ്പിൽ, വലിയ സൈനിക് റെയ്ഡ് നടന്നിട്ടുണ്ട്. ഈ റെയ്ഡുകളിൽ പലസ്തീൻ അതോറിറ്റി (പിഎ) ഗവൺമെന്റിന്റെ ഒരു ഉപദേശകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു.

നബി സലേഹ് ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ അഹദ് തമീമിയെ അറസ്റ്റ് ചെയ്തു. 2012-ൽ സഹോദരന്റെ സംരക്ഷണത്തിനായി ഇസ്രയേലി സൈനികനെ നേരിട്ടതിന് ലോക ശ്രദ്ധ പിടിച്ച പറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ് അഹദ് തമീമി. അറസ്റ്റിനുശേഷം ഇസ്രയേൽ സൈന്യം ഫേസ്ബുക്കിൽ തമീമിയുടെ ചിത്രം പ്രസിദ്ധീകരിക്കുകയും ' അവളുടെ പുഞ്ചിരി ഇപ്പോൾ എവിടെ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും