ലോകത്ത് ലിംഗ അസമത്വം വർധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. സമ്പൂർണ ലിംഗസമത്വം എന്ന ലക്ഷ്യം കൈവരിക്കാൻ ഇനിയും മൂന്ന് നൂറ്റാണ്ടുകൾ കൂടി വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ പൊതുസഭാ പ്രസംഗത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലംഘിക്കപ്പെടുകയും സ്ത്രീകളെ ചൂഷണം ചെയ്യുന്നത് വർധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനായി നടത്തുന്ന പ്രക്ഷോഭങ്ങളും അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും നിലവിലുള്ള ലിംഗ അസമത്വത്തിൻ്റെ പ്രധാന ഉദാഹരണങ്ങളാണ്
ലോകം ദശാബ്ദങ്ങൾ കൊണ്ട് കൈവരിച്ച പുരോഗതി അപ്രത്യക്ഷമാകുകയാണ്. നിലവിലെ സാഹചര്യത്തിൽ ലിംഗസമത്വം എന്ന ലക്ഷ്യം കൂടുതൽ വിദൂരമായിക്കൊണ്ട് ഇരിക്കുന്നു. ലോകത്ത് പലയിടങ്ങളിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ നിഷേധം, തൊഴിൽ നിഷേധം, ബാലികാവിവാഹം, മാതൃമരണം തുടങ്ങിയ പ്രതിസന്ധികൾ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. താലിബാൻ്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
ഐക്യരാഷ്ട്രസഭ എപ്പോഴും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നുപോരുന്ന പുരുഷമേധാവിത്വവും അസമത്വവും ശാസ്ത്ര സാങ്കേതിക വിദ്യയിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട്. ലിംഗാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ വിവേചനം പരിഹരിക്കുന്നതിനും ലോകമെമ്പാടുമുള്ള സർക്കാരുകളും സമൂഹവും ഒന്നായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അഫ്‌ഗാനിസ്ഥാനിൽ ശൈത്യ അവധിക്ക് ശേഷം കഴിഞ്ഞ ദിവസം തുറന്ന സർവകലാശാലകളിൽ ആൺകുട്ടികൾ മാത്രമാണ് എത്തിയത്. താലിബാൻ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് വിലക്കുകയും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരികയും ചെയ്തു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും പാർക്കുകൾ, ജിമ്മുകൾ പോലുള്ള പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ താലിബാൻ പൂർണമായും വിലക്കിയിട്ടുണ്ട്.
മാത്രമല്ല, പല രാജ്യങ്ങളിലും പെൺകുട്ടികൾക്ക് ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. അവരുടെ പ്രത്യുത്പാദന ശേഷി പോലും ചൂഷണം ചെയ്യപ്പെടുന്നു. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനായി നടത്തുന്ന പ്രക്ഷോഭങ്ങളും അതിനെതിരെയുള്ള ഭരണകൂടത്തിൻ്റെ അടിച്ചമർത്തലും എടുത്തുപറയേണ്ടതാണ്. ഇതിൻ്റെ പേരില്‍ കഴിഞ്ഞ വർഷം അവസാനം, വനിതാ സ്റ്റാറ്റസ് കമ്മീഷനിൽ നിന്ന് ഇറാൻ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.