ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്ന ഗാസയിലെ റഫാ മേഖയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി നേരിടുന്നതായി ഐക്യരാഷ്ട്ര സഭ. സാധനങ്ങളുടെ ലഭ്യതക്കുറവും, അരക്ഷിതാവസ്ഥയും രൂക്ഷമായതോടെ മേഖലയില്‍ സഹായം വിതരണം നിര്‍ത്തേണ്ടിവന്നതായും യുഎന്‍ അറിയിച്ചു. ഗാസയിലേക്ക് കടല്‍മാര്‍ഗം സഹായം എത്തിക്കുന്നതിനായി അമേരിക്ക നിര്‍മിച്ച ഫ്ളോട്ടിങ് കടല്‍പ്പാലം വഴി കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഒരു സഹായവും റഫായിലേക്കെത്തിയിട്ടില്ലെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ദുരിത മേഖലകളില്‍ മനുഷ്യാവകാശ സംഘടനങ്ങള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇസ്രയേല്‍ ഒരുക്കിയില്ലെങ്കില്‍ വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും 32 കോടി ഡോളറിന്റെ പദ്ധതികള്‍ ഇല്ലാതാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.
മെയ് ആറിന് ഇസ്രയേല്‍ സൈന്യം തീവ്രമായ ആക്രമണം നടത്തിയതിന് ശേഷവും പതിനായിരക്കണക്കിനാളുകളാണ് റഫായില്‍ തുടരുന്നത്. എന്നാല്‍ അവര്‍ക്കുള്ള ഭക്ഷണ വിതരണം ക്രമാനുഗതമായി കുറയുന്നതായും ദുരിതാശ്വാസ ഏജന്‍സികള്‍ പറയുന്നു. ഗാസയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി) വക്താവ് അബീര്‍ എതെഫ കൂട്ടിച്ചേര്‍ത്തു. ഗാസയിലേക്കുള്ള ഭക്ഷണത്തിന്റെയും മറ്റ് സഹായത്തിന്റെയും വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ ക്ഷാമം പോലുള്ള അവസ്ഥകള്‍ വ്യാപിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. മധ്യ ഗാസയിലേക്കുള്ള കുറഞ്ഞ രീതിയിലുള്ള ഭക്ഷണത്തിന്റെ വിതരണം ഇപ്പോഴും ഡബ്ല്യുഎഫ്പി തുടരുന്നുണ്ടെങ്കിലും സംഭരിച്ച് വെച്ച സാധനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നാണ് എതെഫ അറിയിക്കുന്നത്.
ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ ഏളുപ്പമാര്‍ഗമെന്ന നിലയിലാണ് അമേരിക്ക ഗാസ തീരത്ത് ഫ്‌ളോട്ടിങ് കടല്‍പ്പാലം നിര്‍മിച്ചത്. വെള്ളിയാഴ്ച ഇതുവഴി പത്ത് ട്രക്കുകള്‍ ഡബ്ല്യുഎഫ്പി സംഭരണ കേന്ദ്രത്തിലെത്തിച്ചിരുന്നു. വിതരണം ചെയ്യുന്ന സാധനങ്ങള്‍ എടുക്കാന്‍ പലസ്തീനികള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച വന്ന 11 ട്രക്കുകളില്‍ അഞ്ചെണ്ണം മാത്രമേ സംഭരണ കേന്ദ്രത്തിലേക്കെത്തിക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒരു സഹായവും വന്നില്ലെന്ന് എതെഫ വ്യക്തമാക്കി.
സാധനങ്ങളുടെ അഭാവത്തില്‍ പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്ന പ്രധാന ഏജന്‍സിയായ ഉന്റോ (Unrwa)യും വിതരണങ്ങള്‍ നിര്‍ത്തുന്നുവെന്ന് സമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. നിലവിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കാരണം റഫായിലെ ഉന്റോ വിതരണ കേന്ദ്രത്തിലേക്കും ഡബ്ല്യുഎഫ്പിയുടെ സംഭരണശാലകളിലേക്കും എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറികും വ്യക്തമാക്കുന്നു. വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
സുരക്ഷാ ക്രമീകരണങ്ങളും സാധനങ്ങളുടെ നീക്കങ്ങളും വിലയിരുത്തി ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഐക്യരാഷ്ട്ര സഭ. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 11 ലക്ഷം ജനങ്ങള്‍ പട്ടിണിയിലാണെന്നും ക്ഷാമത്തിന്റെ വക്കിലാണെന്നും ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. റഫായില്‍ ആക്രമണം കടുപ്പിച്ച മെയ് ആറിന് ശേഷമാണ് മാനുഷിക സഹായങ്ങളുടെ വിതരണം ഏറ്റവും മോശം സ്ഥിതിയിലെത്തിയത്.
എന്നാല്‍ റഫായിലൂടെയുള്ള സഹായ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. അതേസമയം ഗാസയിലേക്കുള്ള സഹായമെത്തിക്കുന്ന വാഹനവ്യൂഹങ്ങള്‍ തടയുന്ന ഇസ്രയേലികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സഹായ സാധനങ്ങളുമായി കടന്നു വരുന്ന ട്രക്കുകളുടെ വിവരങ്ങള്‍തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ക്കും ഇസ്രേയല്‍ കുടിയേറ്റക്കാര്‍ക്കും ചോര്‍ത്തി നല്‍കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ആന്താരാഷ്ട്ര സഹായം ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം ഹമാസ് വഴിതിരിച്ചുവിടുകയാണെന്നാണ് ഈ സംഭവങ്ങളെ പ്രതിരോധിച്ച് ഇസ്രയേല്‍ നടത്തുന്ന പ്രതികരണം. എന്നാല്‍ ഹമാസ് സഹായങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിലെ പടിഞ്ഞാറന്‍ ഹെബ്രോണിലെ ടര്‍ക്വുമിയ ചെക്ക് പോസ്റ്റില്‍ വച്ച് ഇസ്രയേല്‍ കുടിയേറ്റക്കാര്‍ സഹായങ്ങള്‍ തടയുന്നതും നശിപ്പിക്കുന്നതുമായ വീഡിയോകള്‍ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു,