ഇന്ധനക്ഷാമവും ആശയവിനിമയ സംവിധാനങ്ങളിലെ തകരാറും മൂലം ഗാസയിലേക്കുള്ള യു എൻ സഹായവിതരണം വീണ്ടും നിർത്തിവച്ചു. ഇസ്രയേൽ ആക്രമണത്താൽ നാടും വീടും ഉപേക്ഷിച്ച ഗാസൻ ജനതയുടെ ജീവിതം വീണ്ടും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷ്യവിതരണം ഉൾപ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം.
രണ്ടുദിവസമായി ഗാസയിലേക്ക് ട്രക്കുകൾ എത്തിയിട്ടില്ല. മൂന്ന് ഇന്ധന ട്രക്കുകൾ ഗാസയിലേക്ക് കടക്കാൻ തയാറാണെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ അറിയിക്കുന്നുണ്ടെങ്കിലും അനുവാദം ലഭിച്ചിട്ടില്ല. ഇതിനിടെ ഗാസയിൽ രോഗം പടർന്നുപിടിക്കുന്ന തോതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ശ്വാസകോശ സംബന്ധമായി രോഗം ബാധിച്ച എഴുപതിനായിത്തിലധികം കേസുകളും നാൽപ്പത്തി നാലായിര-ത്തിലധികം വയറിളക്ക കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ ഒരു വീട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസിയായ വഫ അറിയിച്ചു. മധ്യ ഗാസയിലെ നുസീരിയത്ത് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 18 സാധാരണക്കാർക്കും ജീവൻ നഷ്ടമായി.
ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ ആരംഭിക്കുന്നതിന് മുൻപ് 12 ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന വടക്കൻ ഗാസയിൽ നിലവിൽ 8,07,000 പേർ മാത്രമാണുള്ളതെന്ന് പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. റിപ്പോർട്ട് പ്രകാരം താമസക്കാരിൽ മൂന്നിലൊന്ന് പേർ സംഘർഷത്തെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടു.
അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫാ ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കം തങ്ങളുടെ സൈന്യം കണ്ടെത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. രോഗികളും കുടിയിറക്കപ്പെട്ടവരും നിറഞ്ഞ ആശുപത്രിയിലെ ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ വലിയ വിമർശനം ഉയരുന്നതിനിടെയാണ് ഇസ്രയേലിന്റെ വിശദീകരണം. ഹമാസ് അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കമാൻഡ് സെന്ററായി ഇവിടം ഉപയോഗിക്കുകയാണെന്നും ഇസ്രയേൽ നിരവധി തവണ ആരോപിച്ചിരുന്നു.
ഗാസയിലെ ആക്രമണങ്ങൾക്ക് പുറമെ, വെസ്റ്റ് ബാങ്കിലും ഇസ്രയേലിന്റെ ആക്രമണങ്ങളും പരിശോധനകളും വ്യാപകമാണ്. കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ സൈന്യം നടത്തിയ നീക്കത്തിൽ 47 പലസ്തീനികളെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ ഏഴിന് ശേഷം 2800 പലസ്തീനികളെ അറസ്റ്റിലാകുകയും 178 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസയിലെ ഇസ്രയേലിന്റെ പ്രതികരണ നടപടിയുടെ ഭാഗമായി 11,500-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലായിരത്തി എഴുന്നൂറിലധികം കുട്ടികളാണ്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഇവ പുതുക്കിയ കണക്കുകളല്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു.