ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു. ജോര്‍ദാന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ചേര്‍ന്നാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ നിരാലംബരായ പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കാന്‍ മേഖലയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
രക്ഷാസമിതിയില്‍ ലോകരാജ്യങ്ങളുടെ പൂര്‍ണ പിന്തുണയാണ് പ്രമേയത്തിന് ലഭിച്ചത്. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇസ്രയേലും അമേരിക്കയും ഉള്‍പ്പടെ 14 രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും പുറമേ ഹംഗറി, ഓസ്ട്രിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഗ്വാട്ടിമാല, മാര്‍ഷല്‍ ഐലന്‍ഡ്, പാപ്പുവ ന്യൂഗിനി, പരാഗ്വായ് ടോംഗ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തത്.
ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇരുപക്ഷവും ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും അടിയന്തരമായി ഗാസയിലേക്ക് ഇന്ധനവും വൈദ്യുതിയും മെഡിക്കല്‍ സഹായങ്ങളും എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഈജിപ്ത്, ഒമാന്‍, യുഎഇ എന്നീ അറബ് രാജ്യങ്ങളും റഷ്യയും ശക്തമായ നിലപാടാണ് ജനറല്‍ അസംബ്ലിയില്‍ സ്വീകരിച്ചത്. അതേസമയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും ജനറല്‍ അസംബ്ലി അംഗീകരിച്ചു.
പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഹമാസിന്റെ ആക്രമണങ്ങളെ അപലപിക്കണമെന്ന് ചൂണ്ടിക്കാട്ടി കാനഡ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. ഭേദഗതിയെ അനുകൂലിച്ച് ഇന്ത്യ ഉള്‍പ്പടെ 88 രാജ്യങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇതിനു മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ സ്ഥിരാംഗങ്ങള്‍ വീറ്റോ ചെയ്തതിനേത്തുടര്‍ന്ന് നിരസിക്കപ്പെട്ടിരുന്നു. അമേരിക്കയാണ് സ്ഥിരമായി പ്രമേയം വീറ്റോ ചെയ്തിരുന്നത്.
ലോകരാജ്യങ്ങള്‍ ഒന്നടങ്കം അനുകൂലിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കാരണം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിസമ്മതിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്നും മേഖലയിലെ സംഘര്‍ഷത്തെ ഇന്ത്യ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും ആവര്‍ത്തിച്ച അവര്‍ സംഘര്‍ഷത്തിന് ഇരുപക്ഷവും കാരണക്കാരാണെന്നും ചൂണ്ടിക്കാട്ടി.
ഹമാസിനെ അപലപിക്കാനുള്ള ഭേദഗതിയെ അംഗീകരിച്ചു സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി പക്ഷേ ഹമാസിന്റെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്. ''ഒക്‌ടോബര്‍ ഏഴിലിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെ അപലപിക്കുന്നുവെന്നും'' യോജ്‌ന ജനറല്‍ അസംബ്ലിയെ അറിയിച്ചു. ''ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ബന്ദികളുടെ നിരുപാധിക മോചനം ഉടന്‍ വേണം. എല്ലാത്തരത്തിലുള്ള തീവ്രവാദവും അപലപിക്കപ്പെടേണ്ടതാണ്. അതില്‍ പക്ഷാഭേദങ്ങളില്ല. തീവ്രവാദം വച്ചുപൊറുപ്പിക്കാനാവില്ല''- ഇന്ത്യന്‍ പ്രതിനിധി അസംബ്ലിയില്‍ വ്യക്തമാക്കി.