WORLD

ശിശുരോദനമായി ഗാസ; 17,000 കുട്ടികള്‍ കുടുംബവുമായി വേര്‍പിരിഞ്ഞുവെന്ന് യൂണിസെഫ്

വെബ് ഡെസ്ക്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. മുനമ്പിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്നും യൂണിസെഫ് വ്യക്തമാക്കി.

ഓരോ കുട്ടിക്കും നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ഹൃദയഭേദകമായ കഥയുണ്ടെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യൂണിസെഫിന്റെ കമ്മ്യൂണിക്കേഷന്‍ മേധാവി ജൊനാഥന്‍ ക്രിക്‌സ് പറഞ്ഞു. ''ഈ 17,000 എന്ന കണക്ക് ആകെ കുടിയിറക്കപ്പെട്ട 17 ലക്ഷം ജനങ്ങളടങ്ങുന്ന ജനസംഖ്യയുടെ ഒരു ശതമാനമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ വിവരങ്ങള്‍ പരിശോധിക്കുന്നത് അസാധ്യമായതിനാല്‍ ഈ സംഖ്യ ഒരു ഏകദേശ കണക്കാണ്,'' ജോനാഥന്‍ ക്രിക്‌സ് വ്യക്തമാക്കി. ഓരോ കുട്ടികളും ഭയാനകമായ പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് പേരുകള്‍ പോലും പറയാന്‍ സാധിക്കാത്തതിനാലും, പരുക്കേറ്റും മറ്റും ആശുപത്രികളിലായതിനാലും കുട്ടികളെ കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. സംഘര്‍ഷത്തിന്റെ സമയത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ മറ്റു കുടുംബങ്ങള്‍ സംരക്ഷിക്കുന്നത് പതിവായെന്നും ക്രിക്‌സ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗാസയിലെ ഭക്ഷണം, വെള്ളം, അഭയം തുടങ്ങിയവയുടെ അഭാവം മൂലം സ്വന്തം കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് മറ്റൊരു കുട്ടിയെയും സംരക്ഷിക്കുന്നത് വെല്ലുവിളിയുയര്‍ത്തുന്നുണ്ടെന്നും ക്രിക്‌സ് വ്യക്തമാക്കി.

ഗാസയിലെ ആക്രമണങ്ങള്‍ കുട്ടികളെ മാനസികമായി അലട്ടുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തിന് പിന്തുണ നല്‍കണമെന്നും ക്രിക്‌സ് ആവശ്യപ്പെടുന്നു. ''നിരന്തരമായ ആകുലതകള്‍, ആസക്തി കുറവുകള്‍, ഉറക്കമില്ലായ്മ, ബോംബാക്രമണത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴുള്ള പരിഭ്രാന്തി തുടങ്ങി നിരവധി രോഗലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നുണ്ട്'', അദ്ദേഹം പറയുന്നു. ഈ സംഘര്‍ഷത്തില്‍ കുട്ടികള്‍ ഭാഗമല്ലാതിരുന്നിട്ടും ലോകത്ത് മറ്റൊരു കുട്ടിയും അനുഭവിക്കാത്ത പ്രശ്‌നങ്ങളാണ് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ കൃത്യമായ കണക്കുകള്‍ കണ്ടെത്താനും അവരുടെ കുടുംബത്തെ കണ്ടെത്താനും അവര്‍ക്ക് മാനസിക പിന്തുണ നടത്തുന്നതിനും വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന് മുമ്പ് തന്നെ ഗാസയിലെ 500,000 കുട്ടികള്‍ക്ക് മാനസികവും സാമൂഹികവുമായുള്ള പിന്തുണ ആവശ്യമുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പിന്തുണ ഏകദേശം എല്ലാ കുട്ടികള്‍ക്കും ആവശ്യമായി വന്നിരിക്കുകയാണ്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 27,100 പേരില്‍ 11,500 പേരും കുട്ടികളാണ്.

അതേസമയം, വടക്കന്‍, മധ്യ, കിഴക്കന്‍ ഗാസ പൂര്‍ണമായും ഇസ്രയേല്‍ വളഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ യുദ്ധം തുടങ്ങി നിരവധി തവണ ഗാസന്‍ ജനതയ്ക്ക് തങ്ങളുടെ വീട്ടില്‍ നിന്നും പലായനം നടത്തേണ്ടതായി വന്നു. നിലവില്‍ തെക്കന്‍ റാഫാ ഗവര്‍ണറേറ്റിലാണ് ഗാസന്‍ ജനത അഭയം പ്രാപിച്ചതെങ്കിലും ഇവിടെയും ഇസ്രയേല്‍ ആക്രമണം ലക്ഷ്യമിട്ടിരിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും