WORLD

യുപിഐ സേവനങ്ങള്‍ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും; വിപ്ലവകരമായ നീക്കത്തിന് ഇന്ന് തുടക്കം

മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

വെബ് ഡെസ്ക്

യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഫ്രാന്‍സിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി യുപിഐ വഴിയുള്ള സേവനങ്ങള്‍ നടത്താനാകുക. ഇന്ന് മുതൽ ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോന്ദ് തുടങ്ങിവർ ഇന്ന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്ന് ആര്‍ബിഐ എക്‌സിലൂടെ അറിയിച്ചു.

യുപിഐ സേവനങ്ങൾ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ശ്രീലങ്കയിലും മൗറീഷ്യസിലും ഇവ പൂർണമായും ഉപയോഗിക്കാന്‍ സാധിക്കും. റുപേ കാര്‍ഡ് സേവനങ്ങള്‍ മൗറീഷ്യസീല്‍ എത്തുന്നതോടെ മൗറീഷ്യസിലുള്ള ബാങ്കുകള്‍ക്ക് കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കാനും സാധിക്കും. ഇതിലൂടെ ഇന്ത്യയിലും മൗറീഷ്യസിലും കാർഡിന്റെ സേവനങ്ങള്‍ ഒരുപോലെ ഉപയോഗിക്കാനാകും. ഈ നീക്കത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി വർധിക്കുന്നതോടൊപ്പം ജനങ്ങൾക്ക് വേഗമേറിയതും തടസമില്ലാത്തതുമായ ഡിജിറ്റൽ പണമിടപാടുകൾ പ്രയോജനപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫിന്‍ടെക് ഇന്നോവേഷനില്‍ ഇന്ത്യ ചാലക ശക്തിയായി മാറിയിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്നുണ്ട്.

ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഡിജിറ്റല്‍ കണക്ടിവിറ്റിയും യുപിഐ ലോഞ്ചിന് ശേഷം സാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം യുപിഐ സേവനങ്ങൾ ഫ്രാൻസിൽ ലഭ്യമാക്കിയിരുന്നു. ഇതോടെ യുപിഐ വഴി പണം സ്വീകരിക്കുന്ന ആദ്യത്തെ ടൂറിസ്റ്റ് സ്ഥലമായി ഫ്രാൻസിലെ ഈഫൽ ടവർ മാറി. നാഷണൽ പെയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാൻസിലെ പ്രധാന ഇ-കോമേഴ്‌സ് കമ്പനിയായ ലൈറയും ചേർന്നായിരുന്നു ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നിർണായക നീക്കം സാധ്യമാക്കിയത്.

യുപിഐ പണമിടപാടുകൾ ആഗോളതലത്തിൽ സ്വീകരിക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. 150 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പണമിടപാട് രീതി യുപിഐ ആണ്. 2024ൽ മാത്രം ഇന്ത്യയിൽ 12.2 ബില്യൺ യുപിഐ ഇടപാടുകൾ നടന്നു. അതുകൊണ്ടുതന്നെ ഈ നീക്കം അഗോളതലത്തിൽ ഇന്ത്യക്ക് വലിയ നേട്ടമായി കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ