WORLD

അമേരിക്ക വീണ്ടും ചുവപ്പണിയുമോ?

50 സംസ്ഥാനങ്ങൾക്കും തലസ്ഥാനമായ വാഷിങ്ടൺ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോൺഗ്രസ്, സെനറ്റ് അംഗങ്ങൾക്ക് തുല്യമായ എണ്ണം ഇലക്ടർമാരുണ്ടാകും

രവിശങ്കര്‍ ആര്‍ എസ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം, ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം കൂടിയാണ്. അമേരിക്കൻ ജനാധിപത്യത്തെ സങ്കീർണമാക്കുന്ന പ്രക്രിയകൾ നിരവധിയുണ്ടെങ്കിലും പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്ന രീതി കൗതുകം ജനിപ്പിക്കുന്നതാണ്. ജനകീയ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഇലക്ടറൽ കോളേജ് എന്ന സവിശേഷ സംവിധാനത്തിലൂടെയാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ഇന്ത്യയിലുള്ളതു പോലെ ഒരു സമിതിയല്ല അമേരിക്കയിലെ ഇലക്ടറൽ കോളേജ്. അമേരിക്കൻ ഭരണഘടന അനുസരിച്ച് ഇലക്ടർമാരാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങൾക്കും തലസ്ഥാനമായ വാഷിങ്ടൺ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോൺഗ്രസ്, സെനറ്റ് അംഗങ്ങൾക്ക് തുല്യമായ എണ്ണം ഇലക്ടർമാരുണ്ടാകും.

ഡോണൾഡ് ട്രംപും കമലാ ഹാരിസും തമ്മിൽ അവസാന ലാപ്പിലും തീപാറുന്ന പോരാട്ടത്തിലാണ്. പ്രമുഖമാധ്യമങ്ങളുടെ പ്രവചനങ്ങളിൽ ഇക്കുറി നിറയുന്നതെല്ലാം അവ്യക്‌തമായ സൂചനകൾ മാത്രം

എല്ലാ സംസ്ഥാനങ്ങൾക്കും കുറഞ്ഞത് മൂന്ന് ഇലക്ടർമാരെങ്കിലും ഉണ്ടാകുമെന്ന് ഭരണഘടന ഉറപ്പുനൽകുന്നു. ഈ തിരഞ്ഞെടുപ്പിൻ 538 ഇലക്ടറൽ വോട്ടുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 പേരോ അതിൽകൂടുതലോ ഇലക്ടർമാർ വോട്ടുചെയ്‌താൽ കേവല ഭൂരിപക്ഷം നേടുന്നയാൾ പ്രസിഡന്റാകും. വൈസ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതും ഈ രീതിയിൽ തന്നെയാണ്.

തിരഞ്ഞെടുപ്പിൻ്റെ വിധി നിർണയിക്കുന്നത് യഥാർത്ഥത്തിൽ സ്വിങ് സ്‌റ്റേറ്ററുകളാണ്. ഈ സ്റ്റേറ്റുകളുടെ കാര്യത്തിൽ എല്ലാപാർട്ടികളും ബദ്ധശ്രദ്ധ പുലർത്താറുണ്ട്

എന്താണ് അമേരിക്കൻ പ്രസിഡൻ്റാകാനുള്ള യോഗ്യതകൾ?

ജന്മം കൊണ്ട് യുഎസ് പൗരനായിരിക്കുകയും കുറഞ്ഞത് 35 വയസ്സ് പൂർത്തിയാവുകയും ചെയ്തെങ്കിൽ മാത്രമേ പ്രസിഡൻ്റ് സ്ഥാനത്തേ‌യ്‌ക്ക് മത്‌സരിക്കാൻ കഴിയൂ. 14 വർഷം യുഎസിൽ സ്ഥിരതാമസക്കാരനായിരിക്കണം. ഓരോ പാർട്ടിയും ഒരു പ്രസിഡൻ്റ് സ്ഥാനാർത്ഥിയേയും വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയേയും ഫീൽഡ്‌ചെയ്യും. പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കാണ് തൻ്റെ വൈസ് പ്രസിഡൻ്റായി ആരുവരണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുള്ളത്. അതിശക്‌തമായ പ്രസിഡൻ്റ് പദവി ആഗ്രഹിച്ച് ഒരുപാർട്ടിയിൽനിന്ന് തന്നെ ഒന്നിലധികം പേർ രംഗത്ത് വരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

അങ്ങനെയുണ്ടാകുമ്പോൾ രാജ്യത്തുടനീളം സഞ്ചരിച്ച് സ്ഥാനാർത്ഥികൾ പാർട്ടി അംഗങ്ങൾക്കിടയിൽ അവരുടെ സ്വാധീന ശക്‌തി ഉറപ്പിക്കും. ചിലയിടങ്ങളിൽ പ്രൈമറിയിലൂടെയും കുറച്ചിടങ്ങളിൽ കോക്കസ് രീതിയിലുമാണ് ഓരോ പാർട്ടിയിലേയും ഏറ്റവും പിന്തുണയുള്ളവരെ കണ്ടെത്തുന്നത്. ഓരോ സംസ്ഥാനത്തും ചേരുന്ന പാർട്ടി സമ്മേളനങ്ങളാണ് പ്രൈമറി, കോക്കസ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്. പിന്തുണ കൂടുതലുള്ളവരെ അതായത് പൊതുസമ്മതരെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനായി ദേശീയ കൺവെൻഷനും ഉണ്ടാകും. പിന്നീട് പ്രസിഡൻഷ്യൽ സ്ഥാനാർഥികൾ ജനങ്ങളുടെ പിന്തുണതേടി രാജ്യത്തുടനീളം പ്രചാരണം ആരംഭിക്കുന്നു.

സ്വിങ് സ്റ്റേറ്റുകൾ

തിരഞ്ഞെടുപ്പിൻ്റെ വിധി നിർണയിക്കുന്നത് യഥാർത്ഥത്തിൽ സ്വിങ് സ്‌റ്റേറ്ററുകളാണ്. ഈ സ്റ്റേറ്റുകളുടെ കാര്യത്തിൽ എല്ലാപാർട്ടികളും ബദ്ധശ്രദ്ധ പുലർത്താറുണ്ട്. സ്ഥിരമായി ഏതെങ്കിലും ഒരുപാർട്ടിക്ക് മാത്രം വോട്ടു ചെയ്യാതെ ചാഞ്ചാട്ട മനോഭാവം പ്രകടമാക്കുന്നവയാണ് സ്വിങ് സ്റ്റേറ്ററുകൾ .

വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയവ 2016ലെ തെരഞ്ഞെടുപ്പിലും ജോർജിയയും അരിസോണയും 2020ലെ തിരഞ്ഞെടുപ്പിലും ചാഞ്ചാട്ട സ്വഭാവം പ്രകടമാക്കുകയുണ്ടായി. പാർട്ടികളെ മാറിമാറി പരീക്ഷിക്കുന്ന ഈ സ്വിങ് സ്‌റ്റേറ്റുകളാണ് യഥാർത്ഥത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്.

ഇനി അമേരിക്കയിലെ പാർട്ടി സമ്പ്രദായത്തെ ഒന്നു പരിചയപ്പെടാം. യുഎസിൽ ദ്വിപാർട്ടി വ്യവസ്ഥയാണ് നിലനിൽക്കുന്നത്. 1792ൽ സ്ഥാപിച്ച ഡെമോക്രാറ്റിക് പാർട്ടിയും, 1854ൽ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടിയും. ഗ്രാൻഡ് ഓൾഡ്‌ പാർട്ടി എന്ന വിളിപ്പേരുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ആനയാണ്. തീവ്രദേശീയത പ്രോത്സാഹിപ്പിക്കുന്ന യാഥാസ്ഥിതിക മനോഭാവമുള്ളവരാണ് റിപ്പബ്ളിക്കൻ പാർട്ടിക്കാർ. ഡെമോക്രാറ്റുകൾ പുരോഗമന ചിന്താഗതിക്കാരാണ്. രാജ്യത്തെ വിവിധ വംശജ‌രോട് അനുഭാവം ഉള്ളവരും മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നവരുമായ ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം കഴുതയാണ്.

ഇരുപാർട്ടികളെയും തിരച്ചറിയുന്നതിന് കളർ കോഡിങ് ഉപയോഗിക്കാറുണ്ട്. ഡെമോക്രാറ്റുകൾക്ക് നീലവർണവും, റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് ചുവപ്പ് വർണവും നൽകിയിരുന്നു. 2000ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ച ജോർജ് ബുഷും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അൻഗോറും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുമ്പോൾ ന്യൂസ്‌റൂമുകൾ ഫലം വ്യക്‌തമാക്കാനുള്ള എളുപ്പത്തിനായി ആരംഭിച്ച കളർകോഡിങ് പിന്നീട് വ്യാപമാകുകയായിരുന്നു.

ഡോണൾഡ് ട്രംപും കമലാ ഹാരിസും തമ്മിൽ അവസാന ലാപ്പിലും തീപാറുന്ന പോരാട്ടത്തിലാണ്. പ്രമുഖമാധ്യമങ്ങളുടെ പ്രവചനങ്ങളിൽ ഇക്കുറി നിറയുന്നതെല്ലാം അവ്യക്‌തമായ സൂചനകൾ മാത്രമാണ്. ബൈഡൻ്റെ പിന്മാറ്റം കമലാ ഹാരിസിന് വ്യക്‌തമായ മുൻതൂക്കം നൽകിയതിൻ്റെ സൂചനകളാകട്ടെ നാൾക്കുനാൾ ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. യുഎസിലെ പ്രശസ്‌തമായ ലൈവ് ഷോ അവതാരകനായ ആൻ്റി കോഹൻ "വാച്ച് വാട്ട് ഹാപ്പൻസി"ൽ കമലാഹാരിസ് വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്ത്രീയ്ക്കാണോ പുരുഷനാണോ വോട്ട് ചെയ്യേണ്ടത്? വെളുത്ത വർഗക്കാരനാണോ കറുത്ത വംശജർക്കാണോ മുൻഗണന നൽകേണ്ടത്? ബിസിനസ്‌ താൽപര്യങ്ങൾക്കാണോ സോഷ്യലിസ്റ്റ് ആശയങ്ങൾക്കാണോ പിന്തുണ നൽകേണ്ടത്? ഇത്തരംചോദ്യങ്ങളും പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. അസോഷിയേറ്റഡ് പ്രസും നാഷണൽ ഒപ്പീനിയൻ റിസർച്ച് സെൻ്ററും സംയുക്‌തമായി നടത്തിയ ഓഗസ്റ്റ് മാസത്തെ സർവ്വേയിൽ 49 ശതമാനം പിന്തുണ കമലാ ഹാരിസിനായിരുന്നെങ്കിലും ഇലക്ടറൽ വോട്ടുകളിൽ ട്രംപ് മുന്നേറുന്ന കാഴ്‌ചയാണ് പിന്നീട്‌ കാണാൻ കഴിഞ്ഞത്. സ്വിങ് ‌സ്റ്റേറ്റുകളിലും വ്യക്‌തമായ നേട്ടമുണ്ടാക്കാൻ ട്രംപിന് കഴിഞ്ഞു.

പ്രവചനങ്ങൾ എന്തൊക്കെയായാലും അമേരിക്കൻ ചരിത്രത്തിൽ ഈ തിരഞ്ഞെടുപ്പ് പുതിയൊരു അധ്യായം രചിക്കുമെന്നതിൽ സംശയമില്ല. കമലാ ഹാരിസാണ് വിജയിക്കുന്നതെങ്കിൽ ആദ്യത്തെ വനിതാ പ്രസിഡൻ്റായി വൈറ്റ് ഹൗസിൻ്റെ പടി ചവിട്ടി ചരിത്രം സൃഷ്ടിക്കപ്പെടും. അതല്ല ട്രംപിനാണ് വിജയമെങ്കിൽ ജനാധിപത്യപരമായ ഭരണമാറ്റത്തെ അംഗീകരിക്കാത്ത ഭരണാധികാരിയെ വീണ്ടും വൈറ്റ്ഹൗസിലേക്ക് ആനയിച്ചുകൊണ്ടു വന്ന് ചരിത്രത്തിലെ തെറ്റ് ആവർത്തിക്കപ്പെടും . തെറ്റുകൾ പൊറുക്കുന്ന സ്വഭാവം അമേരിക്കൻ ജനതയ്ക്കുള്ളതിനാൽ ചരിത്രത്തിലെ തെറ്റ് ആവർത്തിച്ചാലും അത്ഭുതപ്പെടാനില്ല.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി