WORLD

'ഇത് തുടക്കം മാത്രം'; ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾ ആക്രമിച്ച് അമേരിക്ക, ആശങ്കയിൽ പശ്ചിമേഷ്യ

വെബ് ഡെസ്ക്

കഴിഞ്ഞ ഞായറാഴ്ച ജോർദാനിൽ തങ്ങളുടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയുമായി അമേരിക്ക. ഇറാൻ പിന്തുണയുള്ള ഇറാഖിലെയും സിറിയയിലെയും തീവ്രസംഘങ്ങളുടെയും ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെയും എൺപതിലധികം കേന്ദ്രങ്ങളാണ് ശനിയാഴ്ച പുലർച്ചെ അമേരിക്കൻ സൈന്യം ആക്രമിച്ചത്. ഇതുവെറും തുടക്കമാണെന്നും 'ടവർ 22 ആക്രമണ'ത്തിനുള്ള (ജോർദാനിൽ യു എസ് സൈന്യത്തിന് നേരെ നടന്നത്) പ്രതികരണം തുടരുമെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേൽ-ഹമാസ് ആക്രമണം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ.

ഇറാഖില്‍ ആക്രമണം നടന്ന ഒരു കേന്ദ്രം

“പശ്ചിമേഷ്യയിലെ ലോകത്ത് മറ്റെവിടെയെങ്കിലുമോ സംഘർഷം നടത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. എന്നാൽ അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും" ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച, ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിൻ്റെ (ഐആർജിസി) പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ ജോർദാനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരം ചോദിക്കുമെന്ന് അന്നുതന്നെ അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ശനിയാഴ്ച പുലർച്ചെ 2.30നാണ് ഇറാഖിലും സിറിയയിലും ആക്രമണങ്ങൾ നടത്തിയത്. ലോങ്ങ് റേഞ്ച് ബോംബർ വിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് 85 കേന്ദ്രങ്ങളാണ് തകർത്തത്. അതേസമയം, ആക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നതിൽ വ്യക്തത വന്നിട്ടില്ല. കണക്കുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു.

കമാൻഡ് ആൻഡ് കൺട്രോൾ ഓപ്പറേഷൻ സെൻ്ററുകൾ, ഇന്റലിജൻസ് കേന്ദ്രങ്ങൾ, റോക്കറ്റുകൾ, മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങൾ, ലോജിസ്റ്റിക്‌സ്, യുദ്ധോപകരണ വിതരണ ശൃംഖല തുടങ്ങി യുഎസിനും സഖ്യസേനയ്ക്കും എതിരായ ആക്രമണത്തിന് സഹായം ചെയ്യുന്ന പിന്നിലുള്ള മിലിഷ്യ ഗ്രൂപ്പുകളുടെയും അവരുടെ ഐആർജിസി സ്പോൺസർമാരുടെയും കേന്ദ്രങ്ങളാണ് നശിപ്പിച്ചത്. യുഎസ് സേനയെ ആക്രമിക്കാൻ ഐആർജിസിയും അനുബന്ധ മിലിഷ്യകളും ഉപയോഗിക്കുന്ന ഏഴ് കേന്ദ്രങ്ങളിലാണ് ഈ ആക്രമണങ്ങൾ നടന്നതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാനുള്ള ഇറാഖിന്റെ പരിശ്രമങ്ങൾക്കിടയിലാണ് ഈ ആക്രമണങ്ങളെന്ന് ഇറാഖ് സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് വക്താവ് പ്രതികരിച്ചു. ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. ഇറാഖ് സർക്കാരിന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതും ഇറാഖിനെയും പ്രദേശത്തെയും അനഭിലഷണീയമായ പ്രത്യാഘാതങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ഭീഷണിയുമാണെന്ന് വക്താവ് പറഞ്ഞു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം