WORLD

ബാഗ്ദാദിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണം; കതൈബ് ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ഇറാഖി തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണം. ബുധനാഴ്ച രാത്രി 9.30 നാണ് (പ്രാദേശിക സമയം) സംഭവമുണ്ടായത്. ആക്രമണത്തിൽ കാർ പൊട്ടിത്തെറിക്കുകയും കതൈബ് ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെടുകയും ചെയ്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് കൊല്ലപ്പെട്ട വ്യക്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കൻ ബാഗ്ദാദിലെ മാഷ്തൽ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിലെ അമേരിക്കന്‍ നടപടി കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് തൊട്ടുപിന്നാലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യു എസ് എംബസി അടക്കമുള്ള മേഖലയിൽ ഇറാഖി സൈന്യം സുരക്ഷ വർധിപ്പിച്ചു.

അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വിവിധ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം, ആകെ ഒരാൾ മാത്രമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാധാരണ പൗരന്മാർക്ക് ജീവഹാനി സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ വർധിപ്പിക്കാൻ ഉണ്ടാകുന്നതാണ് ബാഗ്ദാദിൽ നടത്തിയ ആക്രമണം. ഇറാഖിലെയും സിറിയയിലെയും വിവിധ ഇടങ്ങളിൽ ഇറാനിയൻ ബന്ധമുള്ള തീവ്രവാദ സംഘങ്ങൾക്കെതിരെ ആക്രമണം നടത്തി ദിവസനാണ് പിന്നിടവെയാണ് പുതിയ അമേരിക്കൻ നടപടി. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്ര സംഘങ്ങൾ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ജോർദാൻ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ തിരിച്ചടി തുടരുമെന്ന് കഴിഞ്ഞ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം വർധിച്ചിരുന്നു. ഏകദേശം നൂറ്റിയെഴുപതോളം ആക്രമണങ്ങളാണ് ഒക്ടോബർ 18ന് ശേഷം യു എസ് കേന്ദ്രങ്ങളിൽ നടന്നത്.

ഇറാനി ഖുദ്സ് സേന നേതാവ് ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയ 2020 ലെ ആക്രമണത്തിന് സമാനമായിരുന്നു ബുധനാഴ്ച നടന്നത്. ജോർദാനിലെ ആക്രമണത്തിന് ശേഷം ഇറാഖ് സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ അമേരിക്കൻ സൈനികർക്കെതിരായ ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കതൈബ് ഹിസ്ബുള്ള പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം മറ്റ് സംഘങ്ങൾ ആക്രമണം തുടരുമെന്ന് അറിയിച്ചിരുന്നു.

"സമ്പൂർണ വിജയം" വരെ യുദ്ധം തുടരുമെന്ന ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം. പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ചർച്ചകളെ തിരിച്ചടിക്കുന്നതായിരുന്നു വെടിനിർത്തലിനുള്ള ഹമാസ് നിർദേശങ്ങളെ തള്ളിക്കൊണ്ടുള്ള നെതന്യാഹുവിന്റെ പ്രസ്താവന.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും