പ്രിഡേറ്റര്‍ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള യുഎസ് കരാറിന് അന്തിമ അനുമതി നല്‍കിയത് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നു വധ ശ്രമക്കേസ് അന്വേഷണത്തിലെ സഹകരണം ഉറപ്പാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനുമായ സെനറ്റര്‍ ബെന്‍ കാര്‍ഡിനെ ഉദ്ധരിച്ച് ദി വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 33,095 കോടി രൂപ വരുന്ന (399 കോടി ഡോളര്‍) കരാര്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈകിയിരുന്നു.
യുഎസ് മണ്ണില്‍ ഒരു അമേരിക്കന്‍ പൗരനെ വധിക്കാന്‍ ശ്രമിച്ച സംഭവം സമഗ്രമായി അന്വേഷിക്കാനും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി സഹകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍ കാര്‍ഡിന്‍
പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാര്‍ റദ്ദാക്കണമെന്നും യുഎസ് നിയമനിര്‍മാണ സഭയിലെ അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടതാണ് കരാര്‍ വൈകിപ്പിച്ചത്. എന്നാല്‍ പന്നു വധശ്രമക്കേസ് അന്വേഷണത്തിലെ സഹകരണം ഇന്ത്യ ഉറപ്പ് നല്‍കിയതായി സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ വെളിപ്പെടുത്തുന്നു. ബൈഡന്‍ ഭരണകൂടവുമായുള്ള മാസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകളുടെ ഫലമാണ് കരാറിനുള്ള തന്റെ അംഗീകാരം എന്നാണ് ബെന്‍ കാര്‍ഡിന്റെ നിലപാട്.
'അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും നയതന്ത്രപരമായ താല്‍പ്പര്യങ്ങളും അടങ്ങിയതാണ് ഇന്ത്യയുമായുള്ള കരാര്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യമുള്ള വ്യക്തിയാണ് താന്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കൊലപാതക ശ്രമക്കേസിന്റെ പശ്ചാത്തലത്തില്‍ ഈ കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഞാന്‍ തുടര്‍ച്ചയായി ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. യുഎസ് മണ്ണില്‍ ഒരു അമേരിക്കന്‍ പൗരനെ വധിക്കാന്‍ ശ്രമിച്ച സംഭവം സമഗ്രമായി അന്വേഷിക്കാനും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി സഹകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്' എന്നാണ് ബെന്‍ കാര്‍ഡിന്റെ പ്രസ്താവന.
അമേരിക്കൻ മണ്ണിൽ വെച്ച് യുഎസ്- കനേഡിയൻ ഇരട്ട പൗരത്വമുള്ള പന്നുവിനെ കൊല്ലാൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയും ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും ചേർന്ന് പദ്ധതിയിട്ടതായി കഴിഞ്ഞ വർഷം നവംബറിൽ അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെക്ക് റിപ്പബ്ളിക്കിൽ നിഖിൽ ഗുപ്ത തടവിലാണ്. അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള ഡ്രോൺ കരാർ യു എസ് നിയമനിർമാണ സഭ തടഞ്ഞുവച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ഓൺലൈൻ മാധ്യമമായ 'ദ വയർ' പുറത്തുവിട്ടിരുന്നു.
ഉടൻ തന്നെ വാർത്ത വ്യാജമാണെന്ന് ആരോപിക്കുന്ന തരത്തിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രതികരണം നടത്തിയിരുന്നു. തുടർന്നാണ് അമേരിക്കയും കരാറിന് അംഗീകാരം നൽകിയത്.
390 ഡോളറിന്റെ കരാറിൽ 31 MQ-9B സായുധ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് അമേരിക്ക കൈമാറുക. ഇതിലൂടെ കടൽ പാതകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും ഭാവിയിൽ ഉണ്ടായേക്കാവുന്ന പല ഭീഷണികളെ നേരിടാനും രാജ്യത്തെ സഹായിക്കും. 2016ലാണ് കരാറിനെക്കുറിച്ചുള്ള നിർദേശം വരുന്നത്. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശന വേളയിലാണ് കരാർ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ വേഗത്തിലാകുന്നത്.