WORLD

കരിങ്കടലില്‍ പതിച്ച അമേരിക്കന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് റഷ്യ

വെബ് ഡെസ്ക്

കരിങ്കടലിൽ പതിച്ച യുഎസ് സൈനിക നിരീക്ഷണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് റഷ്യ. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡ്രോണ്‍ കണ്ടെത്താനാവുമോ എന്നത് അറിയില്ല. എന്നാലും അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് നിക്കോളാസ് വ്യക്തമാക്കി. കരിങ്കടലിൽ ഡ്രോണിന്റെ സാന്നിധ്യം അമേരിക്ക യുദ്ധത്തിൽ പങ്കാളികളാണെന്ന സ്ഥിരീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അമേരിക്കയും വ്യക്തമാക്കി. ഡ്രോൺ വീണ്ടെടുക്കുന്നത് വെല്ലുവിളിയാകുമെന്ന് ഉന്നത സൈനിക ജനറൽ ജനറൽ മാർക്ക് മില്ലി പറഞ്ഞു. 4,000 അടി മുതൽ 5,000 അടി വരെ (1,200 മീറ്റർ മുതൽ 1,500 മീറ്റർ വരെ) ആഴത്തിലാണ് അത് തകർന്നുവീണത്. അതുകൊണ്ട് തന്നെ ഡ്രോണ്‍ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഡ്രോണുകള്‍ പ്രധാനമായും രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

2014ല്‍ ക്രിമിയ പിടിച്ചെടുത്തതിന് ശേഷം അമേരിക്കൻ യുദ്ധ വിമാനങ്ങൾ ക്രിമിയൻ അതിർത്തിയിലേക്ക് വരുന്നതിനെതിരെ റഷ്യ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനവും അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണും കൂട്ടിയിടിച്ചത്. റഷ്യൻ നാവിക സേനയെ നിരീക്ഷിക്കുന്നതിനായി കരിങ്കടലിന് മുകളിൽ അമേരിക്ക ഉപയോഗിക്കുന്ന ഡ്രോണാണ് എംക്യു–9. ഏതാണ്ട് 25000 അടി ഉയരത്തില്‍ വച്ചാണ് യുദ്ധ വിമാനത്തില്‍ തട്ടി ഡ്രോൺ തകര്‍ന്നത്. ക്രിമിയയുടെ തെക്ക് -പടിഞ്ഞാറ് രാജ്യാന്തര വ്യോമാതിര്‍ത്തിയില്‍ വച്ച് ഡ്രോണിനെ പിന്തുടര്‍ന്ന് റഷ്യ ആക്രമിക്കുയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇത് സുരക്ഷിതമല്ലാത്ത നടപടിയാണെന്നും അമേരിക്ക ആരോപിച്ചു. റഷ്യൻ വിമാനങ്ങൾ അര മണിക്കൂറിലധികം ഡ്രോണിന് സമീപമുണ്ടായിരുന്നതായി അമേരിക്ക പറയുന്നു. 

സംഭവത്തില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങൾ തള്ളിയ റഷ്യ കൂട്ടിയിടി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. റഷ്യന്‍ അതിർത്തിയില്‍ കടന്ന അമേരിക്കയുടെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ സുഖോയ് വിമാനം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു, പക്ഷേ കൂട്ടിയിടിയുണ്ടായിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കുന്നു. എന്നാൽ, ഇത് ആദ്യത്തെ സംഭവമല്ലെന്നും കഴിഞ്ഞ ആഴ്ചകളിലായി സമാന സംഭവം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതായും അമേരിക്കയുടെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി ആരോപിച്ചു. കരിങ്കടൽ ആരുടേയും കുത്തകയല്ലെന്നും ഇനിയും കടലിന് മേൽ വ്യോമ നിരീക്ഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും