WORLD

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

വെബ് ഡെസ്ക്

അമേരിക്കയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടപ്പ് ഇന്ന്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്തന്നെ വോട്ടെണ്ണലും ആരംഭിക്കും. എന്നാല്‍ ശക്തമായ പോരാട്ടം നടന്ന ഇത്തവണ പുര്‍ണമായ ഫലം പുറത്തുവരാന്‍ കുറച്ചധികം കാത്തിരിക്കേണ്ടിവരും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍, നെവാദ, ജോര്‍ജിയ, നോര്‍ത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ നേരിയ വോട്ട് വ്യത്യാസം പോലും വോട്ടുകളുടെ റീക്കൗണ്ടിങ് എന്ന ആവശ്യം സജീവമാകും

ഫലം എപ്പോള്‍ പ്രതീക്ഷിക്കാം

മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ദിവസം രാത്രിയോടെയും തൊട്ടടുത്ത ദിവസം പുലരുമുന്‍പും ഫലങ്ങള്‍ പുറത്തുവന്ന ചരിത്രമുണ്ട് അമേരിക്കന്‍ തിരഞ്ഞെടുപ്പിന്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇത്തവണ വ്യക്തമായ ഫലം പുറത്തുവരാന്‍ ഇനിയും സമയം എടുക്കും എന്ന് വ്യക്തമാണ്. രാജ്യത്തെ വിവിധ സമയ സോണുകളില്‍ പ്രാദേശിക സമയം ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവില്‍ 'മുന്‍കൂര്‍ വോട്ട്' സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ഒമ്പത് കോടി പേര്‍ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ നേരിയ വോട്ട് വ്യത്യാസം പോലും വോട്ടുകളുടെ റീക്കൗണ്ടിങ് എന്ന ആവശ്യം സജീവമാകും. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ പ്രധാനമായ പെന്‍സില്‍വാനിയയില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ തമ്മില്‍ അര ശതമാനം പോയിന്റ് വ്യത്യാസമുണ്ടെങ്കില്‍ സംസ്ഥാനമൊട്ടാകെ ഒരു റീകൗണ്ട് ആവശ്യമായി വരും. 2020 ല്‍ പെന്‍സില്‍വാനിയയില്‍ മാര്‍ജിന്‍ വെറും 1.1 ശതമാനമായിരുന്നു എന്നതും ഉതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ട്രംപ് ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ ട്രംപ് കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിയമപോരാട്ടങ്ങള്‍-

വോട്ടെണ്ണലിലെ തര്‍ക്കങ്ങള്‍ വലിയ നിയമ പോരാട്ടത്തിലേക്കും വഴിവച്ചേയ്ക്കും. വോട്ടര്‍മാരുടെ യോഗ്യത, വോട്ടര്‍ പട്ടിക മാനേജ്‌മെന്റ്, തുടങ്ങിയ വിഷയങ്ങളില്‍ ഇതിനോടകം 100-ലധികം പരാതികള്‍ ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഇതിന്‍ ഉള്‍പ്പെടും. അതേസമയം, നിര്‍ണായക സംസ്ഥാനമായ മിഷിഗണ്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ വോട്ടെണ്ണല്‍ വേഗത്തിലാക്കിയിട്ടുണ്ട്, കോവിഡ് പാന്‍ഡെമിക് കാലത്ത് നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വളരെ കുറച്ച് വോട്ടുകളായിരിക്കും പോസ്റ്റല്‍ വോട്ടുകളായി രേഖപ്പെടുത്തുക.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനത്തില്‍ കമല ഹാരിസിന് നേരിയ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ട്രംപിന് അനുകുലമായി കരുതിയിരുന്ന അയോവയിലടക്കം കമല മുന്നിട്ടുനില്‍ക്കുന്നതായാണ് സര്‍വേ ഫവ്യക്തമാക്കുന്നത്. ഇക്കുറി വനിതാ വോട്ടുകളും കമലക്ക് അനുകൂലമാണെന്ന് സര്‍വേകള്‍ പറയുന്നു. 2016ല്‍ ഹിലരി ക്ലിന്റണെതിരെ മത്സരിച്ചപ്പോള്‍ 53 ശതമാനം വനിത വോട്ടുകള്‍ നേടിയ ട്രംപിന് ഇക്കുറി 40 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ് സൂചന.

2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയാര്‍; ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

'ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാനുസൃതം;' അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

മഴ ഒഴിഞ്ഞിട്ടില്ല, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൃഷ്ണയ്യരുടെ വിധി സുപ്രീംകോടതി തിരുത്തി; പൊതുനന്മ മുൻനിർത്തി എല്ലാ സ്വകാര്യ ഭൂമിയും സർക്കാരിന് ഏറ്റെടുക്കാനാകില്ല