തിരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശരാകാതെ രാജ്യത്തിനായി പോരാട്ടം തുടരണമെന്ന് അനുയായികളോട് ആവശ്യപ്പെട്ട് കമല ഹാരിസ്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും കമല നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പോരാടുമെന്നും വാഷിങ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച കമല പറഞ്ഞു.
'' നമ്മൾ ആഗ്രഹിച്ച ഫലമല്ല തിരഞ്ഞെടുപ്പിലുണ്ടായത്. എന്നാൽ നമ്മൾ തളരാതെ പോരാടുന്നിടത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം ജ്വലിച്ചുകൊണ്ടിരിക്കും . ഇത് കൈകൾ ഉയർത്താനുള്ള സമയമല്ല, മുഷ്ടി ചുരുട്ടാനുള്ളതാണ്. അമേരിക്ക ഇരുണ്ടകാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പലർക്കും തോന്നുന്നുണ്ടാകാം. പക്ഷെ നമുക്കെല്ലാവർക്കും വേണ്ടി അങ്ങനെയാകില്ലെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകാം'' - കമല പറഞ്ഞു.
''വിവിധ ജനസമൂഹങ്ങളെ ഒന്നിപ്പിക്കുക എന്നതായിരുന്നു എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലക്ഷ്യം. അതിൽ അഭിമാനമുണ്ട്. അമേരിക്കയോടുള്ള സ്നേഹവും രാജ്യത്തിന്റെ ശോഭനമായ ഭാവിയും മാത്രമായിരുന്നു മുന്നിൽക്കണ്ടിരുന്നത്. വേർതിരിക്കുന്നതിനേക്കാൾ കൂടുതൽ സാമ്യതകളുണ്ടെന്ന ജനത്തിന്റെ തിരിച്ചറിവായിരുന്നു പ്രചാരണത്തിന്റെ ഊർജം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ. അതാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ശക്തി. സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണം. അതിന് എല്ലാ പിന്തുണയുമുണ്ടാകും '' കമല വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും കമല ആഹ്വാനം ചെയ്തു.
ജനുവരി 20ന് ട്രംപിനും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിനും അധികാരം കൈമാറുന്നത് വരെ പ്രസിഡന്‍റ് ജോ ബൈഡനൊപ്പം കമല വൈസ് പ്രസിഡന്‍റായി തുടരും.
90 ശതമാനം സ്റ്റേറ്റുകളിലും വോട്ടെണ്ണൽ പൂർത്തിയായി. 17 സ്റ്റേറ്റുകളിലാണ് ഇനി വോട്ടെണ്ണൽ പൂർത്തിയാകാനുള്ളത്. ഇതുവരെ എണ്ണിയതുപ്രകാരം 51.6 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. 46.7 ശതമാനം വോട്ട് കമല ഹാരിസിന് ലഭിച്ചു.