റഷ്യയുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ തീരുമാനിച്ച് അമേരിക്ക. മോസ്കൊയിൽ നിന്ന് രണ്ട് യു.എസ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനെ തുടർന്നാണ് നടപടി. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ റഷ്യന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ റോബര്‍ട്ട് ഷൊനോവുമായിയുള്ള ബന്ധത്തെ തുടർന്നാണ് അമേരിക്കൻ പ്രതിനിധികളെ പറഞ്ഞയക്കാൻ റഷ്യ തീരുമാനിച്ചത്.
തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അവഹേളിച്ചത് ഒരു തരത്തിലും പൊറുക്കാനാകില്ലെന്ന് യു.എസ് നയതന്ത്ര വക്താവ് മാത്യു മില്ലർ പറഞ്ഞു. "ഞങ്ങളുടെ പ്രതിനിധികൾക്ക് നേരെ നടന്ന ഈ നടപടിക്ക് പ്രത്യാഘാതങ്ങളുണ്ടാകും" അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നതും ശ്രദ്ധേയമാണ്. പ്രധാനമാണ്. റഷ്യ-യു എസ് ബന്ധം ശീത യുദ്ധത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണിപ്പോൾ എന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
സെപ്റ്റംബർ 14നാണ് റഷ്യയിലെ അമേരിക്കൻ എംബസി ഫസ്റ്റ് സെക്രട്ടറി ജെഫ്രി സില്ലിനെയും, സെക്കന്റ് സെക്രട്ടറി ഡേവിഡ് ബേൺസ്റ്റയിനെയും പുറത്താക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മുൻ കോൺസുലേറ്റ് ജീവനക്കാരനായ റോബർട്ട് ഷൊനോവുമായി ബന്ധം പുലർത്തി എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.യു എസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് യുക്രെയ്‌നിൽ റഷ്യയുടെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബർട്ട് ഷൊനോവ്