WORLD

തിരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: ട്രംപിനെതിരെ നാല് കുറ്റങ്ങൾ ചുമത്തി

വെബ് ഡെസ്ക്

2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിലെ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ ക്രിമിനൽ കേസ്. ഗൂഢാലോചനയുൾപ്പെടെയുള്ള ഗുരുതരമായ നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 2021ൽ നടന്ന യു എസ് ക്യാപിറ്റോൾ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ക്യാപിറ്റോൾ ആക്രമണത്തിനും ഇടയിൽ ട്രംപ് നടത്തിയ പ്രസംഗങ്ങളെയും പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താനുള്ള കോൺഗ്രസ് തീരുമാനത്തെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

യു എസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപം, അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള അസാധാരണമായ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് എണ്ണയൊഴിക്കുകയായിരുന്ന ട്രംപെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകർ, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പേര് ചേർക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.

ക്യാപിറ്റോൾ ആക്രമണം

ഗൂഢാലോചനയിലൂടെയും കളളത്തരങ്ങളിലൂടെയും ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുക, തട്ടിപ്പ്, വഞ്ചന ഇനീ കുറ്റങ്ങൾ ട്രംപ് ചെയ്തതായി കുറ്റപത്രം ആരോപിക്കുന്നു. അസത്യമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റംവരുത്താൻ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള സ്റ്റേറ്റ്, ഫെഡറൽ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി. ഒടുവിൽ അമേരിക്കൻ ജനാധിപത്യത്തെ തന്നെ തുരങ്കംവച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് ക്യാപിറ്റോൾ ആക്രമണത്തിന് ട്രംപ് പ്രേരണ നൽകിയെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ട്രംപ് കുറ്റങ്ങളെല്ലാം നിഷേധിച്ചു. പോൺതാരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ കണക്കുകളിൽ വെട്ടിപ്പ് കാണിക്കുക, അതീവരഹസ്യ രേഖകൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യുക എന്നിങ്ങനെ രണ്ട് കേസുകളിൽ കൂടി നിലവിൽ ട്രംപ് പ്രതിയാണ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്