WORLD

'ട്രംപിനെ ഇറാൻ ലക്ഷ്യമിടുന്നു, വധിക്കാന്‍ ഗൂഢാലോചന'; പെൻസിൽവാനിയ സംഭവത്തിന് പിന്നാലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

വെബ് ഡെസ്ക്

അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ വധിക്കാനുള്ള പദ്ധതിയിലാണ് ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. യു എസ് രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല.

ട്രംപിന് നേരെയുള്ള ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് വിവിധ സ്രോതസുകളിൽനിന്ന് ജോ ബൈഡൻ ഭരണകൂടത്തിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ട്രംപിനെ കൊല്ലാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ പോലും സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. 2020-ൽ ഇറാൻ്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ ട്രംപിനെ വധിക്കാൻ കൂടുതൽ ശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ബറാക്ക് ഒബാമ ഭരണകൂടവുമായി ഇറാൻ ഒപ്പിട്ട ആണവകരാറിൽനിന്ന് ഏകപക്ഷീമായി പിന്മാറിയതും ട്രംപിന്റെ കാലത്തായിരുന്നു. ഈ വിഷയങ്ങളുള്‍പ്പെടെ യുഎസ് - ഇറാന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു.

ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്സ് മുൻ പ്രസിഡൻ്റിനെ കൊല്ലാൻ ശ്രമിക്കുന്നതിന് മുൻപ്, ട്രംപിനെ വധിക്കാൻ ഇറാനിയൻ ഗൂഢാലോചന നടന്നതിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തോട് ദേശീയ രഹസ്യാന്വേഷണ വിഭാഗമോ ട്രംപിന്റെ പ്രചാരണ വിഭാഗമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓൺലൈനിലൂടെയുള്ള തെറ്റായ പ്രചാണങ്ങളിലൂടെ അമേരിക്കൻ തിരഞ്ഞെടുപ്പിന് ഇറാൻ ഭീഷണി ഉയർത്തിയിരുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള ഇറാൻ ശ്രമങ്ങൾക്കെതിരെ യുഎസ് ഉദ്യോഗസ്ഥർ വർഷങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഗൂഢാലോചന സജീവമായി നടക്കുന്നുണ്ടെന്ന കാര്യം അമേരിക്ക ശേഖരിച്ച വിവരങ്ങളിൽനിന്ന് വ്യക്തമാണെന്നും അത്തരം ആക്രമണങ്ങൾ തടയാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ശനിയാഴ്ച വൈകുന്നേരം 6.45-നാണ് പെൻസിൽവാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകൾ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളിൽ നിന്നാണ് ക്രൂക്സ് എന്ന ചെറുപ്പക്കാരൻ വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?