WORLD

ഇറാനെതിരേ ഇസ്രയേലിന്റെ ആക്രമണപദ്ധതി ഇങ്ങനെ; യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നു, അന്വേഷണം പ്രഖ്യാപിച്ച് പെന്റഗണ്‍

ഒക്ടോബര്‍ 15,16 തീയതികളില്‍ ടെലഗ്രാം വഴി പ്രചരിച്ച രണ്ട് രേഖകളും ഇറാന്‍ അനുകൂല അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ളതാണ്

വെബ് ഡെസ്ക്

ഇറാനെതിരേ ഇസ്രയേലിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ രഹസ്യാനേഷണ രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാരഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ദേശീയ ജിയോ സ്പാറ്റല്‍ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ അതീവരഹസ്യപ്രാധാന്യമുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം.

ഇറാനെതിരേ ഇസ്രയേല്‍ നടത്താനുദ്ദേശിക്കുന്ന പ്രത്യാക്രമണങ്ങളുടെ രൂപരേഖയും അതിനു മുന്നോടിയായി ഇസ്രയേല്‍ സൈന്യം നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉപഗ്രഹ ദൃശ്യങ്ങളുമാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ഇത്‌ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ പ്രചരിക്കുകയായിരുന്നു. ഇറാന്‍ അനുകൂല ടെലഗ്രാം ചാനലുകളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ആദ്യ പ്രചരിച്ചത്.

'ഇസ്രയേല്‍ വ്യോമസേന ഇറാനെതിരായ ആക്രമണത്തിനുള്ള തയാറെടുപ്പുകള്‍ തുടരുന്നു' എന്ന തലക്കെട്ടിലുള്ള രേഖകളിലൊന്നില്‍ ഇറാനെതിരായ സൈനികനടപടിക്ക് മുന്നോടിയായി ഇസ്രയേല്‍ വ്യോമസേന നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.

തയാറെടുപ്പുകളില്‍ എയര്‍-ടു-എയര്‍ റിഫ്യുവലിങ് ഓപ്പറേഷനുകള്‍, തിരച്ചില്‍ രക്ഷാദൗത്യങ്ങള്‍, ഇറാനിയന്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ രേഖയില്‍ യുദ്ധസാമഗ്രികളും മറ്റ് സൈനിക സ്വത്തുക്കളും തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഇസ്രയേല്‍ ശ്രമങ്ങളാണ് വെളിപ്പെടുത്തുന്നത്.

രേഖകളില്‍ ഇസ്രയേല്‍ സൈനികനീക്കങ്ങളും അഭ്യാസങ്ങളും വിവരിക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ഇസ്രയേലിന്‌റെ പദ്ധതികളുടെ മുഴുവന്‍ വ്യാപ്തിയും വെളിപ്പെടുത്തുന്നുണ്ടോ എന്നത് അവ്യക്തമാണ്. രേഖകള്‍ ചോര്‍ന്നത് യുഎസ് ഗവണ്‍മെന്‌റിനുള്ളില്‍ ആശങ്കയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ചോര്‍ച്ചയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. വിഷയം അതീവ ഗൗരവമായി എടുത്ത പെന്റഗണ്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കോഡ് റെഡ് പ്രഖ്യാപിച്ച് ത്രിതല അന്വേഷണത്തിന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് വിദേശമാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം