ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ പ്രസ്താവന. അമേരിക്ക മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങൾ ഉയർത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും നെഡ് പ്രൈസ് ചൂണ്ടിക്കാട്ടി.
''ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങൾ ഉയർത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യ ഉൾപ്പെടെ മറ്റ് ലോകരാഷ്ട്രങ്ങളുമായ ബന്ധത്തിലും ഞങ്ങള്‍ ഇക്കാര്യം ഉറപ്പു വരുത്തുന്നു''-ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നെഡ് പ്രൈസ് പറഞ്ഞു.
ഡോക്യുമെന്ററി കണ്ടിട്ടില്ല. ഊര്‍ജ്ജസ്വലമായ രണ്ട് ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാം. ഇന്ത്യയിലെ നടപടികളിൽ ആങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസി ഡോക്യുമെന്ററിയിൽ നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിരുന്നു. ഡോക്യുമെന്ററിയില്‍ രേന്ദ്ര മോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2002ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇതിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് നിര്‍ദേശിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഡോക്യുമെമെന്ററി പ്രദർശിപ്പിക്കാനായി ഇടതുപക്ഷ-കോൺഗ്രസ് സംഘടനകൾ രംഗത്തിറങ്ങുകയും ചെയ്തു.