ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനി മുങ്ങി നശിച്ചതായി വെളിപ്പെടുത്തല്‍. ഈ വർഷം ആദ്യമാണ് സംഭവമെന്നും ഇത് ചൈനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അമേരിക്കയുടെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മേയ് - ജൂണ്‍ മാസങ്ങളിലാണ് അന്തർവാഹിനി മുങ്ങിയതെന്നാണ് സൂചന. ചൈനയുടെ അത്യാധുനിക സൈനിക സാങ്കേതികവിദ്യയുടെ വിശ്വാസ്യതയേയും സുരക്ഷയേയും ചോദ്യം ചെയ്യുന്നതാണ് സംഭവമെന്നും വിലയിരുത്തലുണ്ട്.
പ്ലാനറ്റ് ലാബ്‌സ് പിബിസിയുടെ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് അമേരിക്കയുടെ പ്രതിരോധ വിദഗ്ധർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വുചങ് കപ്പല്‍ശാലയ്ക്ക് സമീപമാണ് ആണവ അന്തർവാഹിനി മുങ്ങിയിട്ടുള്ളത്. ചുറ്റും ക്രെയിനും രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഉപഗ്രഹചിത്രങ്ങളില്‍ കാണാനാകുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ പറയുന്നു.
അന്തർവാഹിനിയുടെ കപ്പല്‍ ഏകദേശം പൂർണമായും വെള്ളത്തിനടിയിലാണെന്നാണ് ജൂണിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതേ സ്ഥാനത്ത് മറ്റൊരു അന്തർവാഹിനി ഓഗസ്റ്റിലെടുത്ത ചിത്രങ്ങളില്‍ കാണാനാകും. രണ്ടും ഒന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2022ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചൈനയ്ക്ക് ആണവശേഷിയുള്ള ആറ് അന്തർവാഹിനി കപ്പലുകളാണുള്ളത്. ഡീസലില്‍ പ്രവർത്തിക്കുന്ന 48 അന്തർവാഹിനികളുമുണ്ട്. അന്തർവാഹിനികളുടെ എണ്ണം 2025ല്‍ 65 ആയും 2035ല്‍ 80 ആയും ഉയർന്നേക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
അന്തർവാഹിനി മുങ്ങിയത് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ ചൈന തയാറായിട്ടില്ല. ഇത് സംബന്ധിച്ച് ഒരു വിവരവും കൈമാറാനില്ലെന്നാണ് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിക്കവെ പറഞ്ഞത്.
പിഎല്‍എ നാവികസേന അന്തർവാഹിനി മുങ്ങിയെന്ന വസ്തുത മറച്ചുവെക്കാൻ ശ്രമിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മുങ്ങുന്ന സമയത്ത് ആണവ ഇന്ധനം അന്തർവാഹിനിക്കുള്ളിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. റേഡിയേഷൻ ലീക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നത്.