ഇറാനുമായി സംഘർഷത്തിന് താൽപ്പര്യമില്ലെന്നും അമേരിക്കൻ പൗരന്മാരെ ആക്രമിച്ചാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രയേൽ - ഹമാസ് സംഘർഷം സംബന്ധിച്ച് നടന്ന യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ബ്ലിങ്കന്റെ മുന്നറിയിപ്പ്.
ഇസ്രയേൽ - ഹമാസ് സംഘർഷത്തിനിടെ അമേരിക്കയ്‌ക്കെതിരെ പ്രവർത്തിക്കരുതെന്ന് ഇറാന് മുന്നറിയിപ്പ് നൽകണമെന്നും ഇസ്രയേലിനെതിരെ മറ്റൊരു മുന്നണി തുറക്കുകയോ ഇസ്രയേൽ സഖ്യകക്ഷികളെ ആക്രമിക്കുകയോ ചെയ്യരുതെന്ന് ഇറാനോട് പറയണമെന്നും രക്ഷാസമിതി യോഗത്തിൽ ബ്ലിങ്കൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആക്രമണം നടന്നാൽ ഇറാനെ അതിന് ഉത്തരവാദികളാക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.
ഇറാനോ അതിന്റെ പിന്തുണയുള്ളവരോ അമേരിക്കക്കാരെ ആക്രമിച്ചാൽ തിരികെ പ്രതികരിക്കുമെന്നും ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. 'ഈ യുദ്ധം വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാനോ അതിന്റെ പിന്തുണയുള്ളവരോ എവിടെയെങ്കിലും യുഎസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ഞങ്ങളുടെ ആളുകളെ സംരക്ഷിക്കും, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയ ലെബനനിലെ ഹിസ്ബുള്ള പ്രവർത്തകർക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും മേഖലയിലെ യുഎസ് സേനയ്ക്കെതിരായ അക്രമങ്ങളിൽ ഇറാന് പങ്കാളിത്തമുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്. മേഖലയിൽ യുഎസ് സേനയ്ക്കെതിരായ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങളിൽ ഇറാനെ ഉത്തരവാദികളാക്കുമെന്ന് തിങ്കളാഴ്ച യുഎസ് പറഞ്ഞിരുന്നു.
സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും എന്നാൽ അത് ചെയ്യുന്ന രീതി പ്രധാനമാണെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. അതേസമയം പലസ്തീൻ ജനതയ്ക്കും ഹമാസിനും പിന്തുണ പ്രഖ്യാപിച്ച് ഇറാൻ രംഗത്ത് എത്തിയിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനാണ് ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യയെയും സിയാദ് അൽനഖാലയെയും ഫോണിൽ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചത്.
നേരത്തെ ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അമേരിക്കൻ പിന്തുണയോടെ ആക്രമണം ഇസ്രയേൽ തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഹുസൈൻ അമീർ അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകിയിരുന്നു.