WORLD

യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് യോഗ്യനാകുമോ? കൊളറാഡോ കോടതിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കാന്‍ അമേരിക്കന്‍ സുപ്രീം കോടതി

അമേരിക്കന്‍ ഭരണഘടനയുടെ 14ാമത് ഭേദഗതി നിയമപരമായ വെല്ലുവിളികളുയർത്തുന്നുണ്ട്.

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മാറ്റിനിര്‍ത്തിയ കൊളറാഡോ കോടതിയുടെ വിധിക്കെതിരെ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്പീല്‍ കേള്‍ക്കുമെന്ന് അമേരിക്കന്‍ സുപ്രീം കോടതി. 2024ലെ തിരഞ്ഞെടുപ്പില്‍ നിന്ന് ട്രംപിനെ മാറ്റിനിര്‍ത്തുന്നതിനുള്ള കൊളറാഡോ കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചു. കേസ് ഫെബ്രുവരിയില്‍ പരിഗണിക്കും. സുപ്രീം കോടതി വിധി എന്തായാലും അത് നിർണായകമാണ്.

ഫെബ്രുവരി എട്ടിനാണ് കേസ് കോടതി പരിഗണിക്കുക. അതേസമയം, ജനുവരി 18നുള്ളില്‍ ട്രംപിന്റെ അഭിഭാഷകര്‍ അവരുടെ പ്രാഥമിക വാദങ്ങള്‍ സമര്‍പ്പിക്കണം. ട്രംപിനെതിരെ വാദിക്കുന്നവര്‍ ജനുവരി 31നുള്ളിലും വാദങ്ങള്‍ സമര്‍പ്പിക്കണം.

2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ കോടതിയുടെ നിര്‍ണായക വിധി. മൂന്ന് വര്‍ഷം മുമ്പുള്ള യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപും ഏര്‍പ്പെട്ടിരുന്നുവെന്ന് വാദിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ട്രംപിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ആഭ്യന്തര യുദ്ധ കാലത്തെ ഭരണഘടനാ ഭേദഗതി ട്രംപിനെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ അയോഗ്യനാക്കുന്നുണ്ടോ എന്നതാണ് നിയമപരമായ വെല്ലുവിളി. കലാപത്തിലേര്‍പ്പെട്ടിരിക്കുന്ന ആരെയും ഫെഡറല്‍ പദവി വഹിക്കുന്നതില്‍ നിന്നും അമേരിക്കന്‍ ഭരണഘടനയുടെ 14ാമത് ഭേദഗതി വിലക്കുന്നുണ്ട്. എന്നാല്‍ അത് പ്രസിഡന്റിന് ബാധകമല്ലെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. കൊളറാഡോ കോടതിയുടെ തീരുമാനം കൊളറാഡോയിലെ ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുകയാണെന്നും ഇത് രാജ്യവ്യാപകമായി വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിരാകരിക്കുന്നതിനുള്ള മാതൃകയായി മാറുമെന്നുമാണ് ട്രംപിന്റെ അഭിഭാഷകരുടെ അഭിപ്രായം.

അതേസമയം, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുള്ള മെയിനിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയും ട്രംപ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഭരണഘടനയുടെ 14ാം ഭേദഗതി ഉപയോഗിച്ച് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു കഴിഞ്ഞ മാസം കൊളറാഡോ കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഭേദഗതി എങ്ങനെ വ്യഖ്യാനിക്കണമെന്ന് സുപ്രീകോടതി പരിഗണിക്കുന്നതും ആദ്യമായാണ്.

2024 നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള മുന്‍നിര സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. നിലവില്‍ മിനസോട്ടയിലെയും മിച്ചിഗണിലെയും കോടതി ട്രംപിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങളെ തള്ളിയിട്ടുണ്ട്. ഒറെഗണിലടക്കമുള്ള കേസുകള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ