വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപെടെ റഷ്യ വിപുലമായ സൈനിക സഹായം ഇറാന് നൽകുന്നുണ്ടെന്നാരോപിച്ച് അമേരിക്ക. യുക്രെയ്നിൽ ഇറാന്റെ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്ന് മുന്‍പ് അമേരിക്ക ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്ത ബന്ധം ശക്തമാകുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസില്‍ വക്താവ് ജോൺ കിർബി പറഞ്ഞു. ആരോപണങ്ങളെ പിന്തുണക്കുന്ന യു എസ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകളും അദ്ദേഹം ഇതോടൊപ്പം പരാമർശിച്ചിട്ടുണ്ട്.
റഷ്യയും ഇറാനും തമ്മിലുള്ള സുരക്ഷാ സഹകരണത്തെ അമേരിക്ക മുൻപും അപലപിച്ചിട്ടുണ്ടെങ്കിലും ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവ ഉൾപെടുന്ന വിപുലമായ ബന്ധത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി റഷ്യ ഇറാനുമായി ചേർന്ന് ഡ്രോൺ അസംബ്ലി ലൈൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് കിർബി പറഞ്ഞു. ഒപ്പം റഷ്യ, ഇറാൻ പൈലറ്റുമാർക്ക് സുഖോയ് എസ്യു -35 യുദ്ധവിമാനത്തിൽ പരിശീലനം നൽകുന്നെന്നും ഈ വർഷം തന്നെ വിമാനങ്ങൾ വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ റഷ്യയ്ക്ക് വിൽക്കുന്ന കാര്യം ഇറാൻ പരിഗണിക്കുന്നുണ്ടെന്നും യുഎസ് ആരോപണം ഉന്നയിച്ചു.
നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ റഷ്യയ്ക്ക് വിൽക്കുന്ന കാര്യം ഇറാൻ പരിഗണിക്കുന്നുണ്ടെന്നും യുഎസ്
"റഷ്യ നൽകുന്ന യുദ്ധവിമാനങ്ങൾ കൊണ്ട് ഇറാന് അയൽ രാജ്യങ്ങളെക്കാൾ ശക്തിയുള്ള വ്യോമസേനയെ വാർത്തെടുക്കാൻ സാധിക്കും." കിർബി ചൂണ്ടിക്കാട്ടി.
യുക്രയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ സഹായിക്കാനായി ഇറാൻ ഡ്രോണുകൾ വിതരണം ചെയ്യുന്നതായി നേരത്തെ തന്നെ പാശ്ചാത്യ രാജ്യങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഒക്‌ടോബർ 17 ന് എട്ടോളം പേർ കൊല്ലപ്പെട്ട തുടർച്ചയായ ആക്രമണ പരമ്പരയിൽ ഉപയോഗിച്ച "കാമികേസ്" ഡ്രോണുകൾ ഇറാൻ റഷ്യയ്ക്ക് നല്കിയതാണെന്ന് യുക്രെയ്നും ആരോപിച്ചിരുന്നു. ഡ്രോണുകൾ അയച്ചതായി ഇറാൻ സമ്മതിച്ചിരുന്നെങ്കിലും അവ യുക്രെയ്ന്‍ അധിനിവേശത്തിന് മുൻപാണ് എന്നാണ് വാദം.