അയ്മാന്‍ അല്‍-സവാഹിരിക്ക് ശേഷം അല്‍ ഖയിദയുടെ തലവനായി സെയ്ഫ് അല്‍- അദല്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോർട്ടുകൾ. ഈജിപ്തിലെ മുൻ സൈനിക ഓഫീസറായ സെയ്ഫ് അല്‍- അദല്‍, അല്‍ ഖയിദയുടെ സ്ഥാപക നേതാവാണ്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അമേരിക്ക അയ്മാന്‍ അല്‍- സവാഹിരിയെ വധിച്ചത്. 2011 ല്‍ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനു ശേഷം അല്‍ ഖയിദയ്ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.
ചൊവ്വാഴ്ച്ച രാവിലെ നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ 'നീതി ലഭിച്ചു' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. സവാഹിരിയുടെ മരണം വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 3000 ത്തോളം പേരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2001 സെപ്തംബര്‍ 11 ലെ ആക്രമണത്തിന്റെ സൂത്രധാരനിൽ പ്രധാനിയും അന്താരാഷ്ട്ര ഭീകരരില്‍ ഒരാളുമാണ് സവാഹിരി.
2011 ൽ ബിന്‍ ലാദന്റെ മരണത്തോടെയാണ് സവാഹിരി അൽ ഖയ്ദ തലവനാകുന്നത്. സവാഹിരിയുടെ കൊലപാതകം അല്‍ ഖയിദയ്ക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ്. മിഡില്‍ ഈസ്റ്റ് ഇന്‍സിസ്റ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം സെയ്ഫ് അല്‍ അദലിനാണ് നേതൃത്വ സ്ഥാനത്തേക്ക് സാധ്യതയേറെ. സൈനികനായിരുന്ന അദൽ, 1980 കളില്‍ ഭീകര സംഘടനയായ മക്താബ് അല്‍- ഖിദ്മത്തില്‍ ചേര്‍ന്നു. ഈ കാലയളവിലാണ് ബിന്‍ ലാദനെയും സവാഹിരിയെയും കണ്ടുമുട്ടുന്നത്. തുടർന്ന് ഇവരുടെ ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദില്‍ ചേർന്നു. 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ യുഎസ്എസ്ആർ വിരുദ്ധ യുദ്ധത്തിലും പങ്കെടുത്തിരുന്നു.
ഒരു കാലത്ത് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്ന അദല്‍, 2001 മുതല്‍ എഫ് ബി ഐയുടെ പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 10 ദശലക്ഷം ഡോളറാണ് ഇയാൾക്കായി ചുമത്തിയിരുന്ന തുക. സൊമാലിയയിലെ മൊഗാദിഷുവില്‍ അമേരിക്കൻ സേനയ്‌ക്കെതിരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫ് അല്‍- അദലി എന്നാണ് റിപ്പോർട്ടുകൾ.