അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് കോടതി. കോളറാഡോ സുപ്രീംകോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാൻ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നിൽ ട്രംപ് പ്രേരക ശക്തിയായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി. കോളറാഡോ സ്റ്റേറ്റിൽ മത്സരിക്കുന്നതിന് മാത്രമാണ് വിലക്കെങ്കിലും ഉത്തരവ് ട്രംപിന്റെ പ്രസിഡന്റ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും.
2020-ലെ തിരഞ്ഞെടുപ്പിൽ ട്രംപ് കൊളറാഡോയിൽ തോറ്റിരുന്നു. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ സ്റ്റേറ്റിന്റെ ആവശ്യമില്ലെങ്കിലും കൂടുതൽ കോടതികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൊളറാഡോയിലെ വിധി പിന്തുടർന്നാൽ ട്രംപിന് മത്സരിക്കാൻ കഴിഞ്ഞേക്കില്ല. പ്രക്ഷോഭത്തിന്റെ പേരിൽ തിരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർഥിയാണ് ഡോണൾഡ് ട്രംപ്. കോളറാഡോ കോടതിയുടെ വിധിക്കെതിരെ യു എസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. യു എസ് ഭരണഘടനയിലെ പതിനാലാം ഭേദഗതി, മൂന്നാം വകുപ്പ് ഉപയോഗിച്ചാണ് നടപടി. 2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണത്തിൽ ട്രംപിന്റെ പങ്ക് കണ്ടെത്തിയെങ്കിലും തിരഞ്ഞെടുപ്പിൽനിന്ന് വിലക്കാൻ കൊളറാഡോ ജില്ലാ കോടതി തയാറായിരുന്നില്ല. ഈ വിധിയാണ് കൊളറാഡോയിലെ പരമോന്നത കോടതി റദ്ദാക്കിയത്.
സംഘർഷത്തിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് 'സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സ്'ന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.
അതേസമയം, പ്രതിഭാഗത്തിന് അപ്പീൽ നൽകാനായി ജനുവരി നാലുവരെ കൊളറാഡോ കോടതിയുടെ വിധി സ്റ്റേ ചെയ്തിട്ടുണ്ട്. പ്രസിഡൻഷ്യൽ പ്രൈമറി ബാലറ്റുകൾ അച്ചടിക്കാൻ നൽകുന്നതിന്റെ സമയപരിധി ജനുവരി അഞ്ചാണ്. അതുകൊണ്ട് ആ തീയതിക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നുമാണ് ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. "കൊളറാഡോ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ ഹൃദയത്തെ തന്നെ ആക്രമിക്കുന്നു. അത് നിലനിൽക്കില്ല, ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് സുപ്രീം കോടതിറദ്ദാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു". ട്രംപിന്റെ നിയമ വക്താവ് അലീന ഹബ്ബ ചൊവ്വാഴ്ച രാത്രി പറഞ്ഞു.