2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ വിചാരണ നേരിടാൻ സ്വയം കീഴടങ്ങുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഓഗസ്റ്റ് 24 ന് അറ്റ്ലാന്റയിൽ സ്വയം കീഴടങ്ങാൻ ഉദ്ദേശിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി നടത്തിയ ചർച്ചയിൽ ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനെ തുടർന്നാണ് ട്രംപ് കീഴടങ്ങാനുള്ള തീയതി പ്രഖ്യാപിച്ചതെന്നാണ് വിവരം.
"നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിക്കുമോ? ഞാൻ വ്യാഴാഴ്ച ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോകുകയാണ്, കീഴടങ്ങാനായി,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപ് കീഴടങ്ങുമ്പോൾ, റൈസ് സ്ട്രീറ്റ് ജയിലിന് ചുറ്റുമുള്ള പ്രദേശത്ത് "കഠിനമായ ലോക്ക്ഡൗൺ" ഉണ്ടാകുമെന്ന് ഫുൾട്ടൺ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കീഴടങ്ങാനുള്ള സമയത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. 98 പേജുള്ള കുറ്റപത്രത്തിൽ, 2020 ലെ തിരഞ്ഞെടുപ്പിൽ തോൽവി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 ക്രിമിനൽ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഗ്രാൻഡ് ജൂറിമാർക്ക് നേരെയുള്ള ഭീഷണികളും ജോർജിയ അധികാരികൾ അന്വേഷിക്കുന്നുണ്ട്. 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് 200,000 ഡോളർ ബോണ്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണി പാടില്ലെന്ന നിർദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ട്രംപിന്റെ അറ്റോർണിമാരും ഫുൾട്ടൺ കൺട്രി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസും ഒപ്പിട്ട ബോണ്ടിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും നീതി തടസ്സപ്പെടുത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിടുതൽ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രംപിനുമേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങളിൽ ജോർജിയ റിക്കോ ആക്റ്റ് ലംഘിച്ചിട്ടുള്ളതിനാലാണ് പിഴത്തുക വർധിപ്പിച്ചത്. കേസിലെ വസ്തുതകളെക്കുറിച്ച് ട്രംപ് തന്റെ അഭിഭാഷകൻ മുഖേനയല്ലാതെ അറിയാവുന്ന ഒരു വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തരുതെന്നും നിബന്ധനയുണ്ട്. ഓഗസ്റ്റ് 25 ഉച്ചവരെയാണ് ട്രംപിനും അദ്ദേഹത്തിന്റെ 18 കൂട്ടുപ്രതികൾക്കും ഹാജരാകാൻ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 4 ന് വിചാരണ ആരംഭിക്കണമെന്ന് കേസിലെ പ്രോസിക്യൂട്ടർമാർ നിർദേശിച്ചു. അതേസമയം, വിചാരണ നീട്ടുന്നതിനാണ് ട്രംപിന്റെ അഭിഭാഷകർ ലക്ഷ്യമിടുന്നത്.
ട്രംപിനും 18 സഹായികൾക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. മൊത്തം 91 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയ മൂന്ന് കുറ്റപത്രങ്ങളിലും ജോർജിയ കോടതിയിലും ട്രംപ് കുറ്റം നിഷേധിച്ചിരുന്നു. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി, രഹസ്യവിവരം സൂക്ഷിക്കൽ, 2016ലെ തിരഞ്ഞെടുപ്പിൽ പോൺ താരത്തിന് പണം നൽകിയത് തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേൽ ചുമത്തിയിരിക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് പ്രതികളിൽ മുൻ ന്യൂയോർക്ക് മേയറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ റൂഡി ജ്യുലിയാനിയും ഉൾപ്പെടുന്നു.