US

ട്രംപിനെതിരായ വധശ്രമം: തോമസ് ക്രൂക്‌സ് ആരുമായും ഗൂഢാലോചന നടത്തിയില്ലെന്ന് എഫ്ബിഐ, ആക്രമണകാരണം ഇപ്പോഴും അവ്യക്തം

ആക്രമണത്തിന് 30 ദിവസം മുൻപ് ബൈഡനും ട്രംപുമായി ബന്ധപ്പെട്ട അറുപതോളം ഓണ്‍ലൈൻ സെർച്ചുകള്‍ തോമസ് ക്രൂക്‌സ് നടത്തിയിട്ടുണ്ട്

വെബ് ഡെസ്ക്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ നടന്ന വധശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനാകാതെ അന്വേഷണസംഘം. ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യൂസ് ക്രൂക്‌സ് കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ട്രംപിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടെത്താൻ തോമസ് ക്രൂക്‌സ് ശ്രമിച്ചിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോഗസ്ഥർ അറിയിച്ചു.

തോമസ് ക്രൂക്‌സിന്റെ ഓണ്‍ലൈൻ സെർച്ച് ഹിസ്റ്ററി ഇതുവ്യക്തമാക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തോളം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്.

ട്രംപിന്റെ പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലി പ്രഖ്യാപിച്ചതുമുതല്‍ തോമസ് ക്രൂക്‌സിന്റെ ശ്രദ്ധ പ്രസ്തുത റാലിയില്‍ മാത്രമായിരുന്നെന്ന് എഫ്‍ബിഐ ഉദ്യോഗസ്ഥനായ കെവിൻ റോജെക്ക് പറഞ്ഞു. എവിടെനിന്നാണ് ട്രംപ് സംസാരിക്കുക എന്നതുവരെ തോമസ് ക്രൂക്‌സ് ഓണ്‍ലൈനില്‍ തിരഞ്ഞതായാണ് കണ്ടെത്തല്‍.

ആക്രമണത്തിനു 30 ദിവസം മുൻപ് ബൈഡനും ട്രംപുമായി ബന്ധപ്പെട്ട അറുപതോളം സെർച്ചുകള്‍ തോമസ് ക്രൂക്‌സ് നടത്തിയിട്ടുണ്ട്. വധശ്രമത്തിന് ഒരാഴ്ച മുൻപ് “How far away was Oswald from Kennedy?” എന്ന് തോമസ് ക്രൂക്‌സ് തിരഞ്ഞതായി എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ പറഞ്ഞു. 1963 നവംബർ 22ന് മുൻ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ വെടിവെച്ചുകൊലപ്പെടുത്തിയ ലീ ഹാർവി ഓസ്വാള്‍ഡുമായി ബന്ധപ്പെട്ട പരാമർശമാണിത്.

തോമസ് ക്രൂക്‌സിനെക്കുറിച്ചുള്ള പൂർണചിത്രത്തിലേക്ക് അന്വേഷണസംഘം എത്തുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വ്യക്തമായൊരു ധാരണയുണ്ടെങ്കിലും നിർണായക പ്രസ്താവനകളിലേക്കു കടക്കാൻ താല്‍പ്പര്യമില്ലെന്നായിരുന്നു റോജക്കിന്റെ പ്രതികരണം. വധശ്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തോമസ് ക്രൂക്‌സ് ആരെങ്കിലുമായി പങ്കുവെച്ചോയെന്ന് കണ്ടെത്താനും എഫ്ബിഐക്ക് സാധിച്ചിട്ടില്ല. ഇതോടെ ഗൂഢാലോചനാസാധ്യതകള്‍ ഇല്ലാതാവുകയാണ്.

തോമസ് ക്രൂക്‌സിന്റെ വീട്ടിലെ കാറിനുള്ളില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് 2019 മുതല്‍ ഇന്റർനെറ്റില്‍ തോമസ് ക്രൂക്‌സ് സെർച്ച് നടത്തിയിട്ടുണ്ട്.

പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിനെതിരെ വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരുക്കേറ്റിരുന്നു. വലതുചെവിയുടെ ഭാഗത്തു രക്തംവാര്‍ന്ന നിലയില്‍ ട്രംപ് നില്‍ക്കുന്നതും അദ്ദേഹത്തിനു ചുറ്റും സുരക്ഷാ സൈന്യം കവചം തീര്‍ത്തിരിക്കുന്നതുമായിരുന്നു ആക്രമണത്തിനുശേഷം വേദിയില്‍ കണ്ടത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍