വിവാഹേതര ബന്ധം മറച്ചുവയ്ക്കാൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഏപ്രില്‍ നാലിന് കോടതിയിൽ ഹാജരായേക്കും. ട്രംപ് സ്വമേധയാ കീഴടങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 30നാണ് മൻഹാട്ടൻ കോടതി ട്രംപിനെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തിയത്.
കോടതിക്ക് മുന്നില്‍ ഹാജരാകുന്ന ട്രംപിനെ വിലങ്ങണിയിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജോ ടാകോപിന പറഞ്ഞു. ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയെന്ന വാർത്ത വന്നതിന് പിന്നാലെ, കീഴടങ്ങാൻ ആവശ്യപ്പെട്ട് മുൻ പ്രസിഡന്റിനെ സമീപിച്ചതായി മൻഹാട്ടൻ അറ്റോർണി ആൽവിൻ ബ്രാഗ് വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ലോവർ മാൻഹാട്ടനിൽ വച്ചായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് വിവരം. കുറ്റക്കാരനല്ലെന്ന് വാദിക്കാൻ തന്നെയാണ് ട്രംപിന്റെ തീരുമാനമെന്നും അഭിഭാഷകൻ പറഞ്ഞു.
ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷക സംഘവും ഒരു നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥരെ സമൂഹക മാധ്യമങ്ങൾ വഴി കടന്നാക്രമിക്കുന്നത് ട്രംപ് തുടരുകയാണ്.
കേസ് വിചാരണ നടക്കുമ്പോൾ കോടതിയിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കാനാണ് തീരുമാനമെന്ന് അറ്റോര്‍ണി ആൽവിൻ ബ്രാഗ് വ്യക്തമാക്കി."വിചാരണ ഒരു സർക്കസ് ആകാൻ അനുവദിക്കില്ല" എന്നും അദ്ദേഹം പറഞ്ഞു . ട്രംപിന്റെ അറസ്റ്റ് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ആശങ്കൾക്കിടയിലാണ് തീരുമാനമെന്ന് ആൽവിൻ ബ്രാഗ് വ്യക്തമാക്കി.
പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിയമവിരുദ്ധമായി 130,000 ഡോളർ നൽകിയതിന്റെ പേരിൽ ട്രംപിന്റെ മേൽ എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കുറ്റപത്രത്തിൽ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതടക്കമുള്ള ഒന്നിലധികം ആരോപണങ്ങളുള്ളതായി കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷക സംഘവും ഒരു നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥരെ സമൂഹക മാധ്യമങ്ങൾ വഴി കടന്നാക്രമിക്കുന്നത് ട്രംപ് തുടരുകയാണ്. വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ലെങ്കിലും പുറപ്പെടുവിക്കുന്ന വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
"അമേരിക്കൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ് അവർ എനിക്കെതിരെ വ്യാജവും അപമാനകരവുമായ കുറ്റം ചുമത്തിയത്, ന്യൂയോർക്കിൽ എനിക്ക് ന്യായമായ വിചാരണ ലഭിക്കില്ലെന്ന് അവർക്കറിയാം!" വ്യാഴാഴ്ച വൈകുന്നേരം ട്രംപ് പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു ഡെമോക്രാറ്റ് പാർട്ടിയുടെ പ്രതികരണം.