യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി രേഖകൾ പരസ്യമാക്കാന്‍ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിവാദ രേഖകള്‍ പുറത്തുവിടാനുള്ള തീരുമാനത്തില്‍ കമ്മിറ്റി എത്തിച്ചേര്‍ന്നത്. യു എസ് ഹൗസ് വെയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ 24- 16 ഭൂരിപക്ഷത്തിലാണ് രേഖകൾ പുറത്തുവിടാൻ തീരുമാനമായത്.
നടപടി സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിവാദമായി മാറാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ 'ന്യൂയോർക്ക് ടൈംസ്' ട്രംപിന്റെ നികുതി രേഖകളുടെ ഏതാനും ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ട്രംപ് എങ്ങനെയാണ് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവായതെന്ന് വ്യക്തമാക്കുന്നതായിരുന്നു രേഖകള്‍.
നീണ്ട കാലത്തെ നിയമ പോരാട്ടത്തിന്റെ ഫലമായി ട്രംപിന്റെ നികുതി രേഖകള്‍ കമ്മിറ്റിക്ക് കൈമാറാന്‍ നവംബറില്‍ സുപ്രീംകോടതി ട്രഷറി വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഫലമായി ട്രംപിന്റെ ആറ് വർഷത്തെ നികുതി രേഖകൾ കമ്മിറ്റിക്ക് ലഭിച്ചു. 2016-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ട്രംപ് തന്റെ നികുതി രേഖകള്‍ പൊതുജനങ്ങൾക്ക് നൽകാൻ വിസമ്മതിച്ചിരുന്നു. നികുതി നല്‍കാത്തത് വീരകൃത്യമെന്ന രീതിയില്‍ ട്രംപ് പ്രസംഗിച്ചതും വിവാദമായിരുന്നു. നികുതി അടയ്ക്കാത്തതില്‍ നിന്ന് തനിക്ക് വ്യക്തിപരമായി പ്രയോജനം ലഭിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
നികുതി രേഖകള്‍ പുറത്തു വരുന്നതോടെ ട്രംപിന്റെ വിദേശ കടങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളുടെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്രംപിനപ്പുറത്തേക്ക് ഓരോ അമേരിക്കക്കാരന്റെയും സ്വകാര്യതയെ അപകടപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയ ആയുധമാണിതെന്ന് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ നേതാവായ കെവിൻ ബ്രാഡി ആരോപിച്ചു.
ചോർന്ന നികുതി രേഖകളെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് 2018 ഒക്‌ടോബറിലും 2020 സെപ്‌റ്റംബറിലും രണ്ട് വ്യത്യസ്ത പരമ്പരകൾ പ്രസിദ്ധീകരിച്ചിരുന്നു. 2017-ലും 2018-ലും ആദായനികുതി ഇനത്തിൽ ട്രംപ് നൽകിയത് 750 ഡോളർ മാത്രമാണെന്ന് 2020ലെ ചില ലേഖനങ്ങൾ കാണിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 15 വർഷത്തിനിടെ 10 വർഷവും ട്രംപ് ആദായനികുതി അടച്ചിട്ടില്ല. എന്നാല്‍ ഇതെല്ലാം വ്യാജ വാർത്തകളാണെന്നാണ് ട്രംപ് പരിഹസിച്ചത്.
നവംബറിലാണ് ഡോണൾഡ് ട്രംപിന്റെ നികുതി രേഖകൾ ഡെമോക്രാറ്റിക് നിയന്ത്രണത്തിനുള്ള ഹൗസ് ഓഫ് കോമണ്‍സ് കമ്മറ്റിക്ക് വിട്ടു നൽകാന്‍ സുപ്രീംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസുകൾക്കുമുള്ള 2015-20 കാലയളവിലെ നികുതി റിട്ടേണുകൾ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സമിതിക്ക് കൈമാറാന്‍ ട്രഷറി വകുപ്പിന് സാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തന്റെ നികുതി ഇടപാടുകൾ പരസ്യമാക്കുന്നത് തടയാൻ ട്രംപ് നടത്തുന്ന പരിശ്രമങ്ങൾക്കേറ്റ കടുത്തപ്രഹരമായിരുന്നു ഇത്. ബിസിനസുകളും നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം അന്വേഷണങ്ങൾ ട്രംപ് നിലവില്‍ നേരിടുന്നുണ്ട്.
അതേസമയം ക്യാപിറ്റോള്‍ ആക്രമണ കേസില്‍ ട്രംപിന് എതിരെ കലാപാഹ്വാനം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി നിര്‍ദേശം നല്‍കി. ഡെമോക്രാറ്റുകള്‍ നയിച്ച സമിതി ഏകകണ്ഠമായാണ് യുഎസ് നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തോടുള്ള വഞ്ചന, വ്യാജ പ്രസ്താവനയിറക്കാനുള്ള ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.