അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 30 ദിവസത്തില്‍ താഴെ ശേഷിക്കെ, ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് തിരിച്ചടി. പല പ്രധാന മേഖലകളിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനോടുള്ള ലീഡ് നഷ്ടപ്പെടുന്നതായാണ് സൂചന. ഞായറാഴ്ച പുറത്തുവന്ന മൂന്ന് തിരഞ്ഞെടുപ്പ് സർവേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ എൻബിസി ന്യൂസ് സർവേ പ്രകാരം, കമല ഹാരിസിന്‍റെ ദേശീയതലത്തിലെ ലീഡ് വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായിരുന്ന അഞ്ചുപോയിന്റിന്റെ ലീഡ് നഷ്ടപ്പെട്ട് ഇരുവരും സമാസമം ആയിരിക്കുകയാണ്.
എബിസി ന്യൂസ്/ഇപ്‌സോസ് സർവേയില്‍, സാധ്യതയുള്ള വോട്ടർമാരിൽ കമലയ്ക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ട്. കഴിഞ്ഞമാസം ഇത് 52 ശതമാനമായിരുന്നു. അതേസമയം, ട്രംപ് തന്റെ നില, 46ൽ നിന്ന് 48 ആയി മെച്ചപ്പെടുത്തുകയും ചെയ്തു. സമാനമാണ് സിബിഎസ്/ യൂഗോവ് ഫലങ്ങളും. കമല ഹാരിസിന് കഴിഞ്ഞമാസം വരെ ട്രംപുമായി നാലുപോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെങ്കിൽ അതിപ്പോൾ മൂന്നായി കുറഞ്ഞിരിക്കുകയാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് പ്രധാന വോട്ടർമാരാണ് ഹിസ്പാനികളും (മധ്യ, തെക്കേ അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽനിന്ന് എത്തിയവർ) ആഫ്രിക്കൻ അമേരിക്കക്കാരും. ഇവർക്കിടയിൽ പിന്തുണ വർധിപ്പിക്കാൻ കമല ഹാരിസിന് സാധിക്കുന്നില്ലെന്ന ആശങ്ക പാർട്ടിക്കുള്ളിൽ നിലനിൽക്കെയാണ് തിരഞ്ഞെടുപ്പ് സർവേകൾ പുറത്തുവരുന്നത്.
സ്ത്രീകൾക്കിടയിൽ കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് ഡെമോക്രാറ്റ് സ്ഥാനാർഥിയോട് അത്ര മതിപ്പില്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ ഈ വിഭാഗത്തിൽനിന്നുള്ള പിന്തുണ ട്രംപ് വർധിപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 12,13 ദിവസങ്ങളിൽ പുറത്തിറക്കിയ ന്യൂയോർക്ക് ടൈംസ്/സിയാന കോളേജ് സർവേയിൽ, കമല ഹാരിസിന് കറുത്തവർഗക്കാർക്കിടയിൽ 78 ശതമാനവും ഹിസ്പാനിക് വോട്ടർമാർക്കിടയിൽ 56 ശതമാനവും പിന്തുണ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഡെമോക്രാറ്റ് സ്ഥാനാർഥികൾക്ക് 2016ലും 2020ലും ലഭിച്ചതിനേക്കാൾ വളരെ കുറവാണ്.
2020-ൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡന് കറുത്തവർഗക്കാർക്കിടയിൽ 92 ശതമാനത്തിന്റെയും ഹിസ്പാനിക്കുകൾക്കിടയിൽ 63 ശതമാനത്തിന്റെയും പിന്തുണയായിരുന്നു ലഭിച്ചത്. അതിന്റെ ഭാഗമായാണ്, മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ അടുത്തിടെ കമല ഹാരിസിന് വേണ്ടി നടത്തിയ പ്രചാരണത്തിൽ കറുത്ത വർഗക്കാരോട് കൂടുതൽ പിന്തുണ ആവശ്യപ്പെട്ടത്.
പ്രധാന മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലും - അരിസോണ, ജോർജിയ, നെവാഡ, നോർത്ത് കരോലിന, മിഷിഗൺ, പെൻസിൽവാനിയ, വിൻസ്‌കോസിൻ എന്നിവിടങ്ങളിലും കമലയുടെ ജനസമ്മിതിയിൽ ഇടിവ് സംഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ നവംവർ അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന സർവേ ഫലങ്ങൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നു.