US

ഒടുവിൽ മൗനംവെടിഞ്ഞ് ഒബാമ; ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസമാണ് ഇൻഡ്യാനപൊളിസിൽ ഒബാമയും കമല ഹാരിസും തമ്മിലുള്ള ഫോൺ വിളിയുടെ വീഡിയോ ദൃശ്യങ്ങൾ ഡെമോക്രാറ്റിക്‌ ക്യാമ്പയിൻ പുറത്തുവിട്ടത്

വെബ് ഡെസ്ക്

ഒടുവിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിന് പിന്തുണ അറിയിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വം ഉറപ്പിച്ചശേഷം കമലക്ക് ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ഉയർന്ന സ്വാധീനമുള്ള പ്രധാനപ്പെട്ട നേതാക്കൾ പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ വിട്ടുനിൽക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞദിവസമാണ് ഇൻഡ്യാനപൊളിസിൽ വെച്ച് ഒബാമയും കമല ഹാരിസും തമ്മിലുള്ള ഫോൺ വിളിയുടെ വീഡിയോ ദൃശ്യങ്ങൾ ഡെമോക്രാറ്റിക്‌ ക്യാമ്പയിൻ പുറത്തുവിട്ടത്. ഒബാമയും ഭാര്യയും മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമയും കമല ഹാരിസുമായി സംസാരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

"എനിക്കും മിഷേലിനും നിങ്ങളെ അംഗീകരിക്കുന്നതിൽ വളരെയധികം അഭിമാനം തോന്നുന്നു. ഈ തിരഞ്ഞെടുപ്പ് മറികടക്കാനും ഓവൽ ഓഫിസിൽ നിങ്ങളെ എത്തിക്കാനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അറിയിക്കാനാണ് ഞങ്ങൾ വിളിച്ചത്," ഒബാമ വ്യക്തമാക്കി. പിന്തുണയ്ക്കു പിന്നാലെ കമല ഹാരിസ് ഇരുവർക്കും നന്ദി അറിയിച്ചു. ഉടനെ കമലയ്ക്കുള്ള പിന്തുണ അറിയിച്ചുകൊണ്ട് ഒബാമ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി.

"അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി കമല ഹാരിസിനെ തിരഞ്ഞെടുക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. നിങ്ങൾ ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു," ഒബാമ വ്യക്തമാക്കി.

മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണിൻ്റെയും 2016-ലെ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ഹിലാരി ക്ലിൻ്റൻ്റെയും പിന്തുണ നേരത്തെ തന്നെ കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ തന്നെ ഡെമോക്രാറ്റിക്‌ നേതാക്കളും ഗവർണമാരും പിന്തുണ അറിയിച്ചു. എന്നാൽ നാൻസി പെലോസി, ഒബാമ തുടങ്ങിയ നേതാക്കൾ മൗനം പാലിച്ചത് വലിയ അഭ്യൂഹങ്ങൾക്ക് ഇടവെച്ചു. റിപ്പബ്ലിക്കന്മാരും വിഷയം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് നാൻസി പെലോസി പിന്തുണ അറിയിച്ചത്. എന്നാൽ ബൈഡൻ പിന്മാറിയതിന് പിന്നാലെ പങ്കുവെച്ച വിഡിയോകളിലൊന്നും ബൈഡൻ കമല ഹാരിസിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിനു പിന്നാലെയാണ് സ്ഥാനാർഥിയായി കമല ഹാരിസ് എത്തിയത്. പാർട്ടിയിൽനിന്ന് തന്നെയുള്ള ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം അവശേഷിക്കെ സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയത്. മുതിർന്ന നേതാക്കൾ ഉൾപ്പടെ ബൈഡൻ മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ഫണ്ട് ദാതാക്കളും ഇടഞ്ഞായിരുന്നു നിന്നിരുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്