അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‌റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ മൂന്ന് ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ കുറ്റം സമ്മതിക്കും. ഫെഡറല്‍ ആദായ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അനധികൃതമായി തോക്ക് കൈവശം വച്ച കേസിലുമാണ് ഇത്.
2018 ലാണ് അനധികൃതമായി തോക്ക് കൈവശം വച്ച സംഭവം. മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കള്ളം പറഞ്ഞാണ് തോക്ക് വാങ്ങിയത്. 2017 ലും 2018ലുമാണ് നികുതി അടയ്ക്കുന്നതില്‍ ഹണ്ടര്‍ വീഴ്ച വരുത്തിയത്. ഒരുലക്ഷം അമേരിക്കന്‍ ഡോളറോളമാണ് ഓരോ വര്‍ഷവും നികുതിയടയ്‌ക്കേണ്ടിയിരുന്നത്. ഈ മൂന്ന് കുറ്റങ്ങളിലും കുറ്റസമ്മതം നടത്താന്‍ ഹണ്ടര്‍ ബൈഡന്‍ ധാരണയിലെത്തിയതായി നീതിന്യായ വകുപ്പിന്‌റെ രേഖകള്‍ വ്യക്തമാക്കുന്നു. ഹണ്ടറിന്‌റെ അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ക്ലാര്‍ക്കും ഇക്കാര്യം സ്ഥിരീകരിച്ചു.
53 കാരനായ ഹണ്ടര്‍ ബൈഡന്‌റെ വ്യവസായ ബന്ധങ്ങളും കരാറുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വര്‍ഷങ്ങളായി വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഹണ്ടറിന്‌റെ കുറ്റസമ്മത ഉടമ്പടി പുറത്തുവിട്ടതിന് പിന്നാലെ ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും സംയുക്ത പ്രസ്താവന പുറത്തിറക്കി. തന്‌റെ ജീവിതം വീണ്ടെടുക്കാനൊരുങ്ങുന്ന മകന് പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നുമാണ് പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കുന്നത്.
ഹണ്ടര്‍ ബൈഡന്‍ കുറ്റസമ്മതത്തിനായി ഡെലാവറിലുള്ള അമേരിക്കന്‍ അറ്റോര്‍ണിയുടെ ഓഫീസുമായി ഏര്‍പ്പെട്ട കരാറിന് സാധുത ലഭിക്കാന്‍ ഫെഡറല്‍ ജഡ്ജിയുടെ അംഗീകാരം ആവശ്യമാണ്. ഒരുലക്ഷം ഡോളര്‍ പിഴയോ, 12 മാസം വരെ തടവോ ഇതുരണ്ടുമോ ശിക്ഷയായി ലഭിക്കാവുന്നതാണ് നികുതിയടവ് സംബന്ധമായ കുറ്റം. അനധികൃതമായി തോക്ക് കൈവശം വച്ചതിന് കൗണ്‍സിലിങ്ങോ പുനരധിവാസമോ ആണ് നടപടി. വിഷയം ജോ ബൈഡനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എതിരാളികള്‍ക്കാകുമെങ്കിലും ഈ കുറ്റങ്ങളില്‍ ഹണ്ടര്‍ ബൈഡന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് സൂചന.
നടപടിക്കെതിരെ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. രാജ്യത്തെ സംവിധാനം തകരാറിലായിരുക്കുന്നുവെന്നാണ് ട്രംപിന്‌റെ പ്രതികരണം. ഹണ്ടര്‍ ബൈഡന്‌റെ കുറ്റസമ്മത കരാറിനെ ട്രാഫിക് ടിക്കറ്റെന്നും അദ്ദേഹം ആക്ഷേപിച്ചു.