ഉപയോഗിക്കാൻ പാടില്ലാത്ത മോശം വാക്കുകൾ ഉൾപ്പെടുത്തി ഭാഷാ ഗൈഡ് പുറത്തിറക്കിയതിന് പിന്നാലെ വിവാദത്തിലായി സ്റ്റാൻഫോർഡ് സര്‍വകലാശാല. 'അമേരിക്കൻ', 'സർവൈവർ', 'ബ്രേവ്' തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ കൂട്ടത്തില്‍ ഉൾപ്പെടുത്തിയതാണ് സ്റ്റാൻഫോർഡ് ഭാഷാ ഗൈഡിന് വിനയായത്. അതേസമയം, സർവകലാശാലയ്ക്ക് അകത്തെ ഉപയോഗത്തിനായാണ് ഇത്തരത്തിലുള്ള പദങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എലിമിനേഷൻ ഓഫ് ഹാംഫുൾ ലാംഗ്വേജ് ഇനിഷ്യേറ്റീവ് (EHLI) എന്ന പേരിൽ സർവകലാശാല ആരംഭിച്ച പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക തയ്യാറാക്കിയത്. ഇതിനായി മെയ് മാസത്തിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരുന്നു. മോശം പദപ്രയോഗങ്ങള്‍ തിരിച്ചറികയും അവ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ തിരുത്തുകയുമാണ് ഇതിലൂടെ സർവകലാശാല ലക്ഷ്യമിടുന്നത്.
മികവുറ്റ, പ്രായപരിധി, സാംസ്‌കാര സമ്പന്നം, ലിംഗാധിഷ്ഠിതം, കൃത്യമല്ലാത്ത ഭാഷ, വംശീയത, ആദ്യ വ്യക്തി, അക്രമാസക്തം തുടങ്ങിയ വകഭേദങ്ങളിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ ഉള്‍പ്പെടാത്ത വാക്കുകളെ അധികമായി പരിഗണിക്കേണ്ടവ എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ എന്ന വാക്കിന് പകരം യു എസ് പൗരന്‍ എന്ന് ഉപയോഗിക്കണമെന്നാണ് സർവകലാശാലയുടെ ഭാഷാ ഗൈഡില്‍ പറയുന്നത്. യു എസ് പൗരൻ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ ആ വ്യക്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ താമസിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അമേരിക്കന്‍ എന്ന പ്രയോഗം പക്ഷപാതപരമാണെന്നും സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടുന്നു.
'അതിജീവിച്ചവൻ' (survivor), 'ഇര'(victim) എന്നീ വാക്കുകൾക്ക് പകരം "അനുഭവിച്ച വ്യക്തി" അല്ലെങ്കിൽ "ആഘാതത്തിന് വിധേയനായ വ്യക്തി" എന്ന് ഉപയോഗിക്കണമെന്നും ഗൈഡില്‍ പറയുന്നു. 'എമിഗ്രന്റ് ' എന്ന പദത്തിന് പകരം, വിദേശത്തേക്ക് പോകുന്ന വ്യക്തി എന്ന് ഉപയോഗിക്കാം. 'അബോര്‍ട്ട്' എന്ന പദം മോശം പ്രയോഗമായതിനാല്‍ 'കാന്‍സല്‍' അല്ലെങ്കില്‍ 'എന്‍ഡ്' എന്ന പദം ഉപയോഗിക്കണമെന്നും സ്റ്റാൻഫോർഡ് നിര്‍ദേശിക്കുന്നു.