US

ക്യാപിറ്റോൾ ആക്രമണ കേസ്: ട്രംപ് അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം

വെബ് ഡെസ്ക്

ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് തിരിച്ചടി. 2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണ കേസിൽ, ട്രംപ് അന്വേഷണ കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് യുഎസ് ജനപ്രതിനിധി സമിതി നിര്‍ദേശിച്ചു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ അന്വേഷണം നടത്തുന്ന ഹൗസ് സെലക്ട് കമ്മിറ്റിയിലെ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളും രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിന് നോട്ടീസ് (Subpoena) അയക്കുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്തു. അമേരിക്കന്‍ ഫെഡറൽ നിയമപ്രകാരം ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് പുറപ്പെടുവിക്കുന്ന നോട്ടീസ് അവഗണിക്കുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ജനപ്രതിനിധി സമിതിയുടെ തീരുമാനം എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന ചോദ്യമാണ് ട്രംപ് ഉന്നയിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നത് എന്തുകൊണ്ടാണെന്നും ട്രംപ് ചോദിക്കുന്നു. ജനപ്രതിനിധി സമിതി ഒരു പരാജയമാണെന്നും ട്രംപ് ആരോപിച്ചു.

കേസിലെ മൊഴികളും രേഖകളും പരിശോധിച്ചതിന് ശേഷമാണ് ട്രംപ് ഹാജരാകണമെന്ന തീരുമാനം അന്വേഷണ കമ്മിറ്റി സ്വീകരിച്ചത്. 2020ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ പരാജയം നിഷേധിക്കാൻ ട്രംപ് മുൻകൂട്ടി പദ്ധതിയിട്ടിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തെറ്റായ അവകാശവാദം ട്രംപ് ഉയർത്തി. കൂടാതെ ക്യാപിറ്റോളിൽ ആക്രമണം നടത്തിയ അനുകൂലികളെ പിരിച്ചുവിടുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും കണ്ടെത്തലുണ്ടായി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് സമിതി വോട്ടെടുപ്പിലേക്ക് നീങ്ങിയത്.

ട്രംപ് ചെയ്തതിനെല്ലാം അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സമിതിയിലെ ഡെമോക്രാറ്റ് അംഗം ബെന്നി തോംപ്സൺ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജീവൻ പണയം വെച്ച് പ്രതിരോധം തീർത്ത പോലീസ് ഉദ്യോഗസ്ഥരോടും അമേരിക്കയിലെ വോട്ടർമാരോടും ട്രംപ് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് എന്ന് ഹാജരാകണമെന്ന് അടുത്ത ദിവസങ്ങളിൽ അറിയിക്കും. ഇടക്കാല തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ ട്രംപിനെതിരെ ക്രിമിനൽ നടപടികളിലേക്ക് നീങ്ങണമോ എന്ന തീരുമാനം വൈകിയേക്കും. അത്തരം തീരുമാനങ്ങൾ കൈക്കൊള്ളണമെങ്കിൽ പ്രതിനിധി സഭയില്‍ മുഴുവൻ പേരുടെയും സാന്നിധ്യത്തിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് 2021 ജനുവരി ആറിന് അമേരിക്കൻ നിയമ നിർമാണ സഭയായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 140-ലധികം പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ ആയിരത്തോളം സാക്ഷികളെയാണ് വിസ്തരിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?