അമേരിക്കയിൽ വീണ്ടും കുട്ടികൾക്ക് നേരെ വെടിവയ്പ്. ബാസ്ക്കറ്റ് ബോൾ വീട്ടുമുറ്റത്തേക്ക് ഉരുണ്ടു വന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ, നോര്‍ത്ത് കരോലിനയിൽ ആറ് വയസുകാരിയെയും മാതാപിതാക്കളെയും അയൽവാസി വെടിവച്ചു. സംഭവത്തിൽ 24 കാരനായ റോബർട്ട് ലൂയിസ് സിംഗിൾട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കരോലിനയിലെ ഗാസ്റ്റണ്‍ കൗണ്ടിയിൽ രാത്രി 7.44ഓടെയാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് കീഴടങ്ങുകയായിരുന്നുവെന്ന് നോർത്ത് കരോലിനയിലെ ഗാസ്റ്റൺ കൗണ്ടി പോലീസ് പറഞ്ഞു.
കുട്ടികൾ ബാസ്‌ക്കറ്റ്ബോൾ കളിക്കുന്നതിനിടെ, പന്ത് പ്രതിയുടെ വീട്ടുമുറ്റത്തേക്ക് ഉരുണ്ട് പോവുകയായിരുന്നു. പന്ത് തിരിച്ചെടുക്കാൻ പോയ കുട്ടികൾക്ക് നേരെ പ്രതി ആക്രോശിച്ചതായും പിന്നീട് വീടിനകത്ത് പോയി തോക്കെടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ കവിളിലാണ് വെടിയേറ്റത്. അമ്മയ്ക്ക് കൈയിലും വെടിയേറ്റു. പെൺകുട്ടിയ്ക്കും അമ്മയ്ക്കും ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ ശ്വാസകോശത്തിനും കരളിനും പരുക്കേറ്റ് കുട്ടിയുടെ പിതാവ് ഗുരുതരാവസ്ഥയിലാണ്. കുട്ടികളെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് രക്ഷിതാക്കള്‍ക്ക് വെടിയേറ്റത്.
സിംഗിൾട്ടറിക്കെതിരെ കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായ പരുക്കേൽപ്പിച്ച് കൊല്ലുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം, തോക്ക് കൈവശം വയ്ക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയതായി പോലീസ് പറഞ്ഞു. ഡിസംബറിൽ കാമുകിയെ സ്ലെഡ്ജ് ഹാമർ ഉപയോഗിച്ച് ആക്രമിച്ചതിന് പ്രതിയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
അടുത്തിടെയായി അമേരിക്കയിൽ തോക്കുധാരികളുടെ ആക്രമണങ്ങൾ കൂടിവരികയാണ്. കഴിഞ്ഞ ഏപ്രിൽ 13ന് അമേരിക്കയിലെ മിസോറിയില്‍ വീട് മാറി കോളിങ് ബെല്ലടിച്ചതിന് പതിനാറുകാരനെ ഗൃഹനാഥന്‍ വെടിവച്ചിരുന്നു. അടുത്തിടെ ടെക്സസിലെ ഉവാൾഡെയിലെ ഒരു പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 19 വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ഈസ്റ്റ് ലാൻസിങ് മിഷിഗണിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2023ൽ മാത്രം ഏകദേശം 128 കൊലപാതകങ്ങൾ തോക്കുധാരികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. 2022ൽ കൊല്ലപ്പെട്ടവർ 646 ആണ്.