അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസുമായി മറ്റൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ നടന്ന സംവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ നിലപാട്. സംവാദത്തില്‍ താൻ വിജയിച്ചെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു.
എന്നാല്‍ ചൊവ്വാഴ്ച നടന്ന സംവാദത്തില്‍ ട്രംപിനേക്കാള്‍ കമല മികവ് പുലർത്തിയെന്നാണ് പല പോളുകളും പറയുന്നത്. കമല വൈസ് പ്രസിഡന്റ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും ട്രംപ് നല്‍കി.
നോർത്ത് കരോലിനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം മറ്റൊരു ചർച്ചയ്ക്കുകൂടി വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കമല പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ ഇരുസ്ഥാനാർഥികളും ഇഞ്ചോടിഞ്ചാണ് പോരാട്ടമെന്നാണ് സർവേകള്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച എബിസി ന്യൂസില്‍ നടന്ന സംവാദം ഒന്നരമണിക്കൂർ നീണ്ടിരുന്നു. ശേഷം, ഇരുവരും മുൻതൂക്കം അവകാശപ്പെടുകയും ചെയ്തിരുന്നു. സംവാദത്തില്‍ ട്രംപിനെ പ്രതിരോധത്തിലാക്കാൻ കമലയ്ക്ക് സാധിച്ചെന്നാണ് വിലയിരുത്തല്‍. സംവാദം മോഡറേറ്റ് ചെയ്ത എബിസി ന്യൂസ് മാധ്യപ്രവർത്തകർ കമലയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു.
"കമലയ്ക്കെതിരായ സംവാദത്തില്‍ ഞാൻ വിജയിച്ചതായി സർവേകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഉടൻ തന്നെ രണ്ടാമതൊരു സംവാദത്തിന് കമല ആഹ്വാനം ചെയ്തു. ഒരാള്‍ ഒരു പോരാട്ടത്തില്‍ പരാജയപ്പെടുമ്പോള്‍ ആദ്യം പറയുന്നകാര്യം രണ്ടാമതൊരു മത്സരം വേണമെന്നാണ്," ട്രംപ് വ്യക്തമാക്കി.
അരിസോണയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ടെലിമുൻഡൊ അരിസോണയ്ക്ക് നല്‍കിയ അഭിമുഖത്തിലും രണ്ടാമതൊരു സംവാദത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഡെമോക്രാറ്റിക്ക് പാർട്ടിയും അത് ആഗ്രഹിക്കുന്നില്ലെന്നും മുൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഫിലാഡല്‍ഫിയ സംവാദത്തിന് തൊട്ടുപിന്നാലെ തന്നെ കമലപക്ഷം രണ്ടാമതൊരു സംവാദംകൂടി ആവശ്യപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് കമല രണ്ടാമതൊരു സംവാദത്തിന് തയാറാണ്, ഡോണള്‍ഡ് ട്രംപ് തയാറോണോ, കമലയുടെ പ്രചാരകർ ചോദിച്ചു.
സംവാദത്തിന് ശേഷം പ്രതികരിച്ച ഫ്ലോറിഡ റിപ്പബ്ലിക്കൻ പ്രതിനിധിയായ മാറ്റ ഗേറ്റ്സ് മറ്റൊരു സംവാദത്തെ ട്രംപ് സ്വാഗതം ചെയ്യുമെന്നാണ് പ്രതികരിച്ചത്. ട്രംപിന്റെ മുതിർന്ന ഉപദേശകനായ ജേസണ്‍ മില്ലറും ട്രംപ് മൂന്ന് സംവാദത്തില്‍ പങ്കെടുക്കുമെന്ന് സിഎൻഎന്നില്‍ പ്രഖ്യാപിച്ചിരുന്നു.
എൻബിസി ന്യൂസില്‍ സെപ്തംബർ 25ന് ഇരുവരുടേയും സംവാദം ഉണ്ടായിരിക്കുമെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിരുന്നു. ട്രംപിന്റെ പുതിയ നിലപാടിന് ശേഷം എൻബിസി പ്രതികരിച്ചിട്ടില്ല.