US

ട്രംപിനെതിരായ വധശ്രമം; അമേരിക്കന്‍ സീക്രട്ട് സർവീസ് ഡയറക്ടർ രാജിവെച്ചു

വെബ് ഡെസ്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം സൃഷ്ടിച്ച അലയൊലികള്‍ തുടരുന്നു. അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ രാജിയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസം. ട്രംപിന് സുരക്ഷ ഒരുക്കുന്നതില്‍ വന്ന വീഴ്ച്ചയെ കുറിച്ച് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ആയിരുന്ന കിംബര്‍ലി ചീറ്റ് സ്ഥാനം ഒഴിയുന്നത്. ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിന് മുന്നോടിയായി സീക്രട്ട് ഏജന്‍സി വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും ഒരുപോലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. പുതിയ സീക്രട്ട് സര്‍വീസ് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ട്രംപിന് വെടിയേറ്റ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയിൽ വെടിവെച്ചെന്ന് കരുതപ്പെടുന്ന വ്യക്തിയെ വകവരുത്തുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സീക്രട്ട് എജൻസിക്ക് കഴിഞ്ഞിരുന്നില്ല. ജൂലൈ 13 ന് പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ആണ് ട്രംപിനെ വെടിവെച്ചതെന്നാണ് ഉയർന്ന ആരോപണം.

ശനിയാഴ്ച വൈകുന്നേരം 6.45-നാണ് പെൻസിൽവാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകൾ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളിൽ നിന്നാണ് ക്രൂക്‌സ് എന്ന ചെറുപ്പക്കാരൻ വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

എന്നാല്‍, ട്രംപിന് നേരെ നടന്ന ആക്രമണം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സാരമായി തന്നെ ബാധിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് വലിയ മുന്നേറ്റം നല്‍കുന്നതിലേക്കുള്‍പ്പെടെ വധശ്രമം വഴിവച്ചു. ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ നിലവിലെ പ്രസിഡന്റിനെതിരെ ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്കിടയില്‍ തന്നെ എതിര്‍പ്പുയരുന്നതിനിടെയായിരുന്നു ട്രംപിന് എതിരായ വധശ്രമം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്