മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്.
നോര്‍ത്ത് കരോലിനയിലെ പ്രചാരണ പരിപാടിയിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിന്റെ സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തോടായിരുന്നു ട്രംപിന്റെ മറുപടി.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആക്രമിക്കാനാണ് ഇസ്രയേലും ആഗ്രഹിക്കുന്നത്, അല്ലേ?' യുഎസ് സൈനിക താവളത്തിന് സമീപമുള്ള ഫയെറ്റെവില്ലെയില്‍ നടന്ന പരിപാടിയില്‍ ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉത്തരം 'ഇല്ല' എന്നായിരുന്നു. ബൈഡന് ചിലപ്പോള്‍ അത് തെറ്റാണെന്ന് തോന്നിയിരിക്കാം, എന്നാല്‍ 'ആണവകേന്ദ്രങ്ങളല്ലേ തകര്‍ക്കേണ്ടത്, ഏറ്റവും വലിയ അപകടമാണ് ആണവായുധങ്ങളെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പ്രചാരണപരിപാടിയില്‍ വിവാദ വംശീയ പ്രസ്താവനയും ട്രംപ് നടത്തിയിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഏഷ്യ-ആഫ്രിക്ക വംശജരെ അടച്ചാക്ഷേപിക്കുന്ന വിവാദ പ്രസ്താവന നടത്തിയത്.
ഏഷ്യയും ആഫ്രിക്കയും ഏറ്റവും മോശം ആള്‍ക്കാരുടെയും കൊടുംക്രിമിനലുകളുടെയും വിളനിലമാണെന്നും അവിടെ നിന്ന് അവര്‍ അമേരിക്കയിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണെന്നും അവരുടെ മുന്നില്‍ അമേരിക്കന്‍ പൗരന്മാരായ ക്രിമിനലുകള്‍ എത്രയോ മാന്യന്മാരാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഡെമോക്രാറ്റുകള്‍ ഇവരുടെ കുടിയേറ്റത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമലാ ഹാരിസ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയില്‍ നടക്കുന്ന അവസാന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി ഇതു മാറുമെന്നും ട്രംപ് പറഞ്ഞു.
''ലോകത്തെ ഏറ്റവും മോശം ആള്‍ക്കാരും ക്രിമിനലുകളുമുള്ള സ്ഥലങ്ങളാണ് ആഫ്രിക്കയും ഏഷ്യയും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് അവിടെ ജയിലിലും മറ്റും കിടന്ന ക്രിമിനലുകള്‍ അമേരിക്കന്‍ മണ്ണിലേക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. തീവ്രവാദം അടവച്ചു വിരിയിക്കുന്ന രീതിയിലാണ് അമേരിക്കയില്‍ ഇപ്പോഴുള്ള കുടിയേറ്റ നിയമങ്ങള്‍. ഇതു രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ആപത്കരമാണെന്നും ട്രംപ് പറഞ്ഞു.