ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ സ്ഥാനാർഥിയായി കമല ഹാരിസിനുള്ള സാധ്യതകൾ വർധിക്കുന്നു. പ്രസിഡന്റ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെക്കാൾ കമലഹാരിസിന് മുൻതൂക്കമെന്ന് പുതിയ സർവേഫലം പുറത്തുവന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് 42 ശതമാനമാണ് ട്രംപിനുള്ള സാധ്യത. കമല ഹാരിസിന് 44ശതമാനം സാധ്യതയും കണക്കാക്കുന്നു. താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നും കമലഹാരിസിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ജോ ബൈഡൻ ഞായറാഴ്ച പ്രഖ്യാപിച്ചതിനുശേഷം നടന്ന സർവേയിലാണ് ഫലം പുറത്തുവന്നത്.
അതേസമയം ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ഫണ്ട് കമലഹാരിസ് വകമാറ്റിയെന്ന് ട്രംപ് പരാതി നൽകി. 91.5 മില്യൺ ഡോളർ വകമാറ്റിയെന്ന് ആരോപിച്ചാണ് ട്രംപ് കാമ്പെയ്ൻ ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോ ബൈഡന്റെ അവശേഷിച്ച കാമ്പെയ്ൻ പണത്തിൽ നിന്ന് 91.5 മില്യൺ ഡോളർ തട്ടിയെടുക്കാൻ കമല ഹാരിസ് ശ്രമിക്കുന്നെന്ന് ട്രംപ് കാമ്പെയ്ൻ ആരോപിച്ചു. എന്നാൽ കമലഹാരിസ് പ്രചാരണ ഫണ്ടുകൾ ഉപയോഗിക്കുന്നത് തികച്ചും നിയമപരമായിട്ടാണെന്ന് ഡെമോക്രാറ്റ് കാമ്പെയ്ൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പിൽ ശ്രദ്ധതിരിക്കാനുള്ള നടപടിയാണ് ട്രംപ് കാമ്പെയ്ൻ ശ്രമിക്കുന്നതെന്ന് കമല ഹാരിസ് കാമ്പെയ്ൻ പറഞ്ഞു. ബൈഡൻ പിന്മാറിയതിന് ശേഷം 36 മണിക്കൂറിനുള്ളിൽ 100 മില്യൺ ഡോളർ സംഭാവനയായി കമല ഹാരിസ് സമാഹരിച്ചെന്നും കാമ്പെയ്ൻ പറഞ്ഞു.
അതേസമയം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനവും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാനുമുള്ള തീരുമാനത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നെതന്യാഹുവുമായി വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസ് കൂടികാഴ്ച നടത്തിയേക്കില്ലെന്നും പരിപാടിയിൽ നിന്ന് വിട്ടുനിന്നേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.