അമേരിക്കയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. സർക്കാർ കണക്കുകൾ പ്രകാരം 49,000-ത്തിലധികം ആളുകളാണ് 2022ൽ ആത്മഹത്യ ചെയ്തത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യത്ത്, ആത്മഹത്യ സർവ സാധാരണമായ സമയമാണ് കഴിഞ്ഞ വർഷമെന്ന് കണക്കുകൾ പുറത്തു വിട്ട സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. രണ്ടാം ലോകയുദ്ധ കാലത്ത് ഏകദേശം 48,300 പേരാണ് ആത്മഹത്യ ചെയ്തത്.
രണ്ടായിരത്തിന്റെ തുടക്കം മുതൽ 2018 വരെ യുഎസിലെ ആത്മഹത്യകൾ ക്രമാനുഗതമായി ഉയർന്നതായാണ് കണക്ക്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ 2019-ൽ ആത്മഹത്യ നിരക്ക് കുറഞ്ഞിരുന്നു. 2020ൽ നിരക്ക് വീണ്ടും ഗണ്യമായി കുറഞ്ഞു. ജനങ്ങൾ ഒന്നിച്ചുനിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സമയമായതിനാലാണ് ഇത് സംഭവിച്ചതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
എന്നാൽ, 2021ൽ നിരക്ക് വീണ്ടുമുയർന്നു. നാല് ശതമാനമായിരുന്നു വർധന. കഴിഞ്ഞ ഒരു വർഷം കൊണ്ടുമാത്രം ആത്മഹത്യാ സംഖ്യ ആയിരത്തോളമുയർന്ന് 49,449 എത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏകദേശം 3 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം മാത്രമുണ്ടായത്. അതേസമയം, സിഡിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ആത്മഹത്യ ചെയ്തവരിൽ 79 ശതമാനവും പുരുഷന്മാരാണ്.
വർധിച്ചുവരുന്ന വിഷാദരോഗവും മാനസികാരോഗ്യ സേവനങ്ങളുടെ പരിമിതമായ ലഭ്യതയുമാണ് ആത്മഹത്യയുടെ തോതുയരാൻ കാരണമെന്നാണ് വിദഗ്‌ധരുടെ കണ്ടെത്തൽ. എന്നാൽ, അത് മാത്രമല്ല തോക്കുകളുടെ ഉപയോഗം കൂടിയതാണ് ആത്മഹത്യാപ്രേരണ വർധിക്കുന്നതിന് പിന്നിലെന്ന് അമേരിക്കൻ ഫൗണ്ടേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജിൽ ഹർകാവി ഫ്രീഡ്മാൻ പറഞ്ഞു.
സമീപകാലത്ത് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠന പ്രകാരം രാജ്യത്ത് തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് 2022ൽ വർധിച്ചതായി കണ്ടെത്തി. കറുത്ത വർഗക്കാരായ കൗമാരക്കാരാണ് തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തവരില്‍ അധികവും.
എന്നാൽ, ആത്മഹത്യാ നിരക്ക് ഉയർന്നിരിക്കുന്നത് മുതിർന്നവരിലാണ്. 45നും 64നുമിടയിൽ പ്രായമുള്ളവരിൽ മരണനിരക്ക് 7 ശതമാനവും 65 വയസും അതിൽ കൂടുതലുമുള്ളവരിൽ 8 ശതമാനവുമാണ് നിരക്ക്. ജോലി നഷ്ടപ്പെട്ടവരും പങ്കാളികൾ വിട്ടുപോകുകയോ ചെയ്തവരാണ് ആത്മഹത്യ ചെയ്ത മധ്യവയസ്‌കരിൽ കൂടുതലും.
'പത്തിൽ ഒൻപത് അമേരിക്കക്കാരും വിശ്വസിക്കുന്നത് രാജ്യം ഒരു മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ്. എന്നാൽ സഹായം അഭ്യർഥിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നാണ് ഇപ്പോഴും പലരുടെയും വിശ്വാസം', യുഎസ് ആരോഗ്യ സെക്രട്ടറി സേവ്യർ ബെസെറ ഒരു പ്രസ്താവനയില്‍ പറഞ്ഞു.