മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച അമേരിക്കയിലെ 20 കോടി ജനങ്ങളെ ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 19 പേരാണ് ഇതിനോടകം മരിച്ചത്. വെള്ളിയാഴ്ച വിവിധ ഭാഗങ്ങളില്‍ വൈദ്യുത ബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ 15 ലക്ഷത്തോളം ആളുകള്‍ ഇരുട്ടിലായി. കാലാവസ്ഥാ വ്യതിയാനായമുണ്ടാക്കിയ മാറ്റങ്ങള്‍ കാരണം വടക്കേ അമേരിക്കയും യൂറോപ്പും കിഴക്കന്‍ ഏഷ്യയും കുറച്ച് വര്‍ഷങ്ങളായി കഠിനവും ദീര്‍ഘവുമായ ശൈത്യകാലത്തിലൂടെയാണ് കടന്നുപോകുന്നത്. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില -40ലും താഴെയാണ്. യു എസിലെ മുഴുവൻ ജനസംഖ്യയുടെ 72 ശതമാനം ആളുകൾക്കും (ഏകദേശം 240 ദശലക്ഷം ആളുകൾ) ശൈത്യകാല കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ അമേരിക്കയിൽ ഏറ്റവും തിരക്കേറിയ സമയം കൂടിയാണ് ക്രിസ്മസ് കാലം. എന്നാൽ കാലാവസ്ഥാ പ്രതിസന്ധികളെ തുടർന്ന് അവധിക്കാല ഒത്തുചേരലുകൾ റദ്ദാക്കിയിട്ടുണ്ട്. ചിക്കാഗോയിലും ഡെന്‍വറിലുമാണ് ആഘാതം കൂടുതല്‍. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമായി രാജ്യത്താകമാനം 5,300ൽ അധികം വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് അവെയ്ർ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയ മുതൽ ന്യൂഫൗണ്ട്‌ലാൻഡ് വരെയുള്ള രാജ്യത്തിന്റെ മറ്റ് ഭൂരിഭാഗം ഇടങ്ങളിലും കൊടും തണുപ്പും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പെൻസിൽവാനിയ, മിഷിഗൺ എന്നീ പ്രദേശങ്ങളിൽ തുടർന്നും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. എട്ട് ദശലക്ഷത്തിൽ അധികം ആളുകൾ ഹിമപാത മുന്നറിയിപ്പിൽ തുടരുകയാണ്. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ശൈത്യകാലം തീവ്രമായി ബാധിക്കാത്ത ലൂസിയാന, അലബാമ, ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ പോലും മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്.
ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഞ്ഞ്, മഴ, ശീതക്കൊടുങ്കാറ്റ് എന്നിവ അമേരിക്കയിലുടനീളം റോഡ്-റെയിൽ-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്ത് നിരവധി ഹൈവേകളും അടച്ചു. അതിശൈത്യം കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് ആളുകളോട് വീട്ടിൽ തന്നെ തുടരാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ മൂന്നിൽ രണ്ട് ഭാഗത്ത് ഈ കൊടുംതണുപ്പും കൊടുങ്കാറ്റും ആഘാതമേൽപ്പിക്കും എന്നാണ് പ്രവചനം.