കാണാതായ ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പെട്ട വളർത്തു നായയെ കണ്ടെത്തിത്തരുന്ന ആള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. അമേരിക്കയിലെ യക്കീമ നിവാസിയായ ജെയ്‌ലി ചോക്വെറ്റ് ആണ് ഒരാഴ്ചയായി കാണാതായ 'ബോവി' എന്ന നായയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്നവർക്ക് 2000 അമേരിക്കന്‍ ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തത്. നായയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജെയ്‌ലി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. പോലീസിലും പരാതി നല്‍കി. തുടർന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള കെഐഎംഎ ചാനല്‍ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ വിലവരുന്ന ബ്രീഡാണ് ഫ്രഞ്ച് ബുള്‍ഡോഗ്. ഇവ ഉടമകളോട് വളരെ അടുപ്പം പുലർത്തുന്ന ഇനം നായകളാണ്. രണ്ട് വളർത്തു നായകള്‍ ഉള്ള ജെയ്‌ലി വീട്ടുമുറ്റത്തുനിന്ന് അവയെ അകത്തേക്ക് കയറ്റുന്നതിനിടെയാണ് കാണാതായത്. വീടിന്റെ ഗേറ്റ് തുറന്നുകിടന്നതായും അവർ പോസ്റ്റില്‍ പറയുന്നു. നായകളെ മൂന്നുപേർ ചേർന്ന് എടുത്തുകൊണ്ടുപോയതായി വിവരമറിഞ്ഞെത്തിയ ഒരു പ്രദേശവാസി പറഞ്ഞതായും കെഐഎംഎ റിപ്പോർട്ട് ചെയ്തു. നായകളിൽ ഒന്നിനെ തിരിച്ചുകിട്ടിയതായും എന്നാല്‍ ബോവിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെഐഎംഎ പറഞ്ഞു.
ബോവിയുടെ കഴുത്തിലെ ബെല്‍റ്റില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. നായയെ ബ്രീഡിങ്ങിനായി ഉപയോഗിക്കുമോയെന്ന ഭയമുണ്ടെന്ന് ജെയ്‌ലി പറഞ്ഞു. പ്രിയപ്പെട്ട നായയെ തിരിച്ചുകിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും കണ്ടെത്തിത്തരുന്നവർക്ക് മികച്ച പാരിതോഷികം നല്‍കാന്‍ ഒരുക്കമാണെന്നും അവർ അറിയിച്ചിട്ടുണ്ട്.