US

പ്രായം കാരണം പലരും തന്റെ വളർച്ചയിൽ അസ്വസ്ഥർ; പ്രചാരണത്തില്‍ വേറിട്ട വഴിയേ വിവേക് രാമസ്വാമി

നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 38 കാരനായ വിവേക് രാമസ്വാമി.

വെബ് ഡെസ്ക്

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത് മുന്നേറുകയാണ് ഇന്ത്യന്‍-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിലെ കന്നി പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധ അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു.

എന്നാൽ പ്രായത്തിന്റെ പേരിൽ പലരും തന്റെ ഉയർച്ചയിൽ അസ്വസ്ഥരാണെന്നാണ് വിവേക് പറയുന്നത്. നിരവധി വിമർശനങ്ങളും വിവേകിന്റെ പേരിൽ ഉയരുന്നുണ്ട്. നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 38 കാരനായ വിവേക് രാമസ്വാമി.

''എന്റെ ഉയർച്ചയിൽ പലരും അലോസരപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. 38 വയസ്സുള്ള ഒരാൾക്ക് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയില്ലെന്ന് അവ‍ർ വിശ്വസിക്കുന്നു. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതുമ്പോൾ തോമസ് ജെഫേഴ്സണിന് 33 വയസ്സായിരുന്നു എന്നതാണ് വസ്തുത. ആ പ്രായത്തിൽ തന്നെ അദ്ദേഹം കറങ്ങുന്ന കസേരയും കണ്ടുപിടിച്ചിരുന്നു''-ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിവേക് രാമസ്വാമി പ്രതികരിച്ചു. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഓഗസ്റ്റിലെ പ്രകടനത്തേക്കാൾ 12 പോയിന്റ് മുന്നിലാണ് വിവേക് ഇപ്പോൾ.

കൂടാതെ, റാഡിക്കൽ ബൈഡൻ അജണ്ടയെ താൻ വിമർശിക്കുന്നില്ലെന്നും അത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തെറ്റായ സ്ഥലമാണെന്നാണ് താൻ കരുതുന്നതെന്നും വിവേക് രാമസ്വാമി പറഞ്ഞു. ''തീർച്ചയായും, വിമർശിക്കാൻ ധാരാളം ഉണ്ട്. എന്നാൽ ജനങ്ങൾ മൂല്യം കൊടുക്കുന്നവയ്ക്ക് നമ്മുടേതായ ഒരു വീക്ഷണം നൽകേണ്ടത് അനിവാര്യമാണ്. മെറിറ്റോക്രസി പുനരുജ്ജീവിപ്പിക്കുക, സാമ്പത്തിക വളർച്ച, തുറന്ന സംവാദം മിക്ക അമേരിക്കക്കാരും ഇപ്പോഴും അംഗീകരിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണിവ. അമേരിക്കയുടെ ഏറ്റവും മികച്ച ദിനങ്ങൾ ഇനിയും കാണാനിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു''- വിവേക് രാമസ്വാമി പറഞ്ഞു.

ഓഗസ്റ്റ് 23 ന് നടന്ന തന്റെ കന്നി റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറി ഡിബേറ്റിന് ശേഷമാണ് രാമസ്വാമി ജനശ്രദ്ധ നേടിയത്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പോരാട്ടാം കടുക്കുന്നതിനിടെ ഇന്ത്യന്‍-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി ജനപ്രീതി നേടിയെടുക്കുന്നത് അത്ഭുതത്തോടെയാണ് പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ഥികള്‍ നോക്കികാണുന്നത്. ഏറെ പിന്നിലായിരുന്ന രാമസ്വാമി രണ്ടാം സ്ഥാനത്തുള്ള ഫ്‌ളോറിഡന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ സംവാദത്തിന് ശേഷം പുറത്തുവന്ന ആദ്യ സർവേയിൽ, പങ്കെടുത്ത 504 പേരിൽ ഇരുപത്തിയെട്ട് ശതമാനം പേരും വിവേക് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ ഒഹായോയിലാണ് വിവേക് രാമസ്വാമിയുടെ ജനനം. അമേരിക്കയിലെ ഒഹായോയിലാണ് ജനനം. അമേരിക്കയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ വിവേക് ഗണപതിയുടെയും ഡോ. ഗീതയുടെയും മകനാണ്. ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് വിവേക് രാമസ്വാമി. വോക്ക്, ഇൻക് തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ് വിവേക്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍