WORLD

യുക്രെയ്ന് വീണ്ടും സൈനികസഹായ പാക്കേജുമായി അമേരിക്ക; നീക്കം യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോളസമ്മർദം ശക്തമാകുന്നതിനിടെ

യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ സുഹൃത്തെന്ന നിലയില്‍ ഇടപെടാമെന്ന വാഗ്ദാനം നൽകിയ നരേന്ദ്രമോദി, ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷമാണെന്നും വ്യക്തമാക്കിയിരുന്നു

വെബ് ഡെസ്ക്

മധ്യ യൂറോപ്യന്‍ മേഖലയില്‍ പ്രതിസന്ധി ശക്തമാക്കുന്ന റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ ആഗോള തലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെ യുക്രെയ്ന് വീണ്ടും സൈനിക പാക്കേജുമായി അമേരിക്ക. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക സഹായം പ്രഖ്യാപിച്ചത്. 1.25 കോടി ഡോളറിൻ്റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്.

യുദ്ധമുഖത്ത് റഷ്യൻ ഭൂപ്രദേശങ്ങളിലേക്ക് കടന്നുകയറി യുക്രെയ്ൻ അത്ഭുതകരമായ മുന്നേറ്റം നടത്തുന്നതിടെയാണ് യുഎസിന്റെ സഹായം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം യുക്രെയ്‌ൻ സന്ദർശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌ൻ സന്ദർശിച്ച് സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിരുന്നു. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ സുഹൃത്തെന്ന നിലയില്‍ ഇടപെടാമെന്ന വാഗ്ദാനം നൽകിയ നരേന്ദ്രമോദി, ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷമാണെന്നും വ്യക്തമാക്കിയിരുന്നു.

''റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഇതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ എക്കാലവും ബഹുമാനിക്കാറുണ്ട്. ഇതേ വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ നിലവിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ,'' മോദി പറഞ്ഞു.

എന്നാൽ പിന്നാലെ സെലൻസ്കിയുമായി സംസാരിച്ച ജോ ബൈഡൻ റഷ്യയുമായുള്ള യുദ്ധത്തിന് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വ്യോമപ്രതിരോധ മിസൈലുകൾ, ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾക്കുള്ള യുദ്ധോപകരണങ്ങൾ (ഹിമാർസ്), ജാവലിൻ, മറ്റ് കവചിത വിരുദ്ധ മിസൈലുകൾ, കൗണ്ടര്‍ -ഡ്രോൺ, കൗണ്ടര്‍ ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉപകരണങ്ങളും, 155 എംഎം, 105 എംഎം പീരങ്കി വെടിയുണ്ടകൾ, സൈനികവാഹങ്ങളും മറ്റു ഉപകരണങ്ങളും ഉൾക്കൊള്ളുന്നതാണ് യുഎസിന്റെ പുതിയ സഹായ പാക്കേജ്.

യുക്രെയ്നിൻ്റെ സ്വാതന്ത്ര്യദിനത്തിൻ്റെ തലേദിവസമായ വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നേരത്തെ നോർവീജിയൻ സർക്കാരും യുക്രെയ്ന് സൈനികസഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ സാങ്കേതികവിദ്യ നൽകുകയും രാജ്യത്തെ നോർഡിക് വെടിമരുന്ന് കമ്പനി വികസിപ്പിക്കുന്ന 155-മില്ലീമീറ്റർ പീരങ്കി ഷെല്ലുകളുടെ നിർമാണത്തിനു ധനസഹായം നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23- ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നോർവേ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനെതിരെ യുക്രെയ്ൻ നടത്തുന്ന അത്ഭുതകരമായ മുന്നേറ്റം തടയാൻ ഇതുവരെ റഷ്യയ്ക്കായിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങൾക്കായി റഷ്യൻ സൈന്യത്തെ അയക്കുന്നുണ്ടെങ്കിലും കുറഞ്ഞ അംഗബലം റഷ്യക്കു തിരിച്ചടിയാകുകയാണ്. റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിലാണ് യുക്രെയ്‌ൻ ശക്തമായ ആക്രമണം നടത്തുന്നത്. അമേരിക്കയുടെ സൈനികസഹായം സ്വാഗതം ചെയ്ത സെലൻസ്കി, സഹായം രാജ്യത്തിന്റെ അടിയന്തര ആവശ്യമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി