സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടുകളില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ മാനേജര്‍ നഗന്റ് വാക്കറാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ജമൈക്കന്‍ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക് ആന്‍ഡ് സെക്യൂരിറ്റി ലിമിറ്റഡില്‍ നിക്ഷേപിച്ച തുകയാണ് നഷ്ടപ്പെട്ടതെന്നും പോലീസ്, ജമൈക്കന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നഗന്റ് വ്യക്തമാക്കി.
സ്റ്റോക്ക് ആന്‍ഡ് സെക്യൂരിറ്റി ലിമിറ്റഡില്‍ നിക്ഷേപിച്ച തുകയും അക്കൗണ്ട് ബാലന്‍സും തമ്മിലെ വ്യത്യാസം ആദ്യം മനസിലാക്കിയത് ബോള്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്ക് ആന്‍ഡ് സെക്യൂരിറ്റി ലിമിറ്റഡിലെ ഒരു ജീവനക്കാരന്‍ കമ്പനിയില്‍ വ്യാപക തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയാളാവാം ഇതിന് പിന്നെലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായ ബോള്‍ട്ട് 2017-ലാണ് ട്രാക്കിനോടു വിടപറഞ്ഞത്. ട്രാക്ക് വിട്ടതിനു ശേഷവും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന അത്‌ലറ്റിക്‌സ് താരം കൂടിയാണ് അദ്ദേഹം. 2016 ല്‍ മാത്രം സ്‌പോണ്‍സര്‍ഷിപ്പ്, പ്രൈസ് മണി, അപ്പിയറന്‍സ് ഫീസ് എന്നിവയില്‍ നിന്ന് 33 മില്യണ്‍ ഡോളര്‍ അദ്ദേഹം സമ്പാദിച്ചത്.