ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യുഎസ് - ചൈന നയതന്ത്ര ഉദ്യോഗസ്ഥര്‍. മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും ചര്‍ച്ച നടത്തിയത്. വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്നത് പോലെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ ചൈന ആവര്‍ത്തിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഫെബ്രുവരി നാലിന് അമേരിക്കയുടെ കിഴക്കൻ തീരത്ത് ചൈനയുടെ ചാരബലൂൺ വെടിവച്ചിട്ടതിന് പിന്നാലെ ബ്ലിങ്കന്‍ ചൈനാ യാത്ര റദ്ദാക്കിയിരുന്നു.
ഒരു മണിക്കൂർ നീണ്ട ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയത്.'' യുഎസ് വ്യോമാതിർത്തിയിൽ നിരീക്ഷണ ബലൂണുകൾ ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അസ്വീകാര്യമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഈ നിരുത്തരവാദപരമായ പ്രവൃത്തി ഇനി ഒരിക്കലും ഉണ്ടാകരുത്. ഞങ്ങളുടെ പരമാധികാരത്തിന്റെ ലംഘനം വച്ചുപൊറുപ്പിക്കില്ല'' - ആന്റണി ബ്ലിങ്കനെ ഉദ്ധരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
" രാജ്യത്തിന്റെ മൂല്യങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി മത്സരിക്കുകയും നിരുപാധികം നിലകൊള്ളുകയും ചെയ്യും. എന്നാൽ ചൈനയുമായി തര്‍ക്കത്തിന് ആഗ്രഹിക്കുന്നില്ല. പുതിയൊരു ശീതയുദ്ധം സൃഷ്ടിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യവുമില്ല." - യുഎസ് വ്യക്തമാക്കി.
ശനിയാഴ്ച ബ്ലിങ്കനുമായി നടത്തിയ ചർച്ച സ്ഥിരീകരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ പ്രശ്നനങ്ങൾ പരിഹരിക്കണമെന്ന് വാങ് ആവശ്യപ്പെട്ടതായി ചൈന വ്യക്തമാക്കുന്നു.
അമേരിക്കയുടെ വ്യോമാതിർത്തിയിൽ ചാരബലൂണുകൾ കണ്ടെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. കണ്ടെത്തിയത് ചാര ബലൂൺ അല്ലെന്നും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നുമായിരുന്നു ചൈനയുടെ വിശദീകരണം. ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റി അമേരിക്കയുടെ വ്യോമാതിർത്തി കടന്നതാകാം എന്നും ചൈന വ്യക്തമാക്കിയിരുന്നു.