WORLD

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കാരന് 20 വർഷം തടവ് ശിക്ഷ

നികുതി വെട്ടിപ്പ്, നിലവാരമില്ലാത്ത-വ്യാജ മരുന്നുകളുടെ വിൽപ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ

വെബ് ഡെസ്ക്

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 68 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ ഉൾപ്പടെ 23 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് ഉസ്ബെക്കിസ്ഥാൻ കോടതി. ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാ നടപടി. ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച് 68ഓളം കുട്ടികളാണ് 2022നും 23നും ഇടയിൽ മരിച്ചത്.

ഉസ്‌ബെക്കിസ്ഥാനിലേക്ക് ഡോക്-1 മാക്‌സ് സിറപ്പ് ഇറക്കുമതി ചെയ്ത കമ്പനിയുടെ ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാപിനെ 20 വർഷത്തെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. ഈ കേസിൽ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാപിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകൾക്ക് ലൈസൻസ് നൽകുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വിൽപ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിറപ്പ് കഴിച്ച് മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും അംഗവൈകല്യമുള്ള മറ്റ് നാല് കുട്ടികൾക്കും 80,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഏഴ് കുറ്റവാളികളിൽ നിന്ന് ഈടാക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്.

സംഭവത്തിനു പിന്നാലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു.

2023 ഏപ്രിലിൽ ജോൺ ബ്രിട്ടാസ് എംപി പാർലമെൻറിൽ ഈ വിഷയം ഉന്നയിച്ച സമയം ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റിയയച്ച കഫ് സിറപ്പുകളിൽ ഹാനികരമായ പദാർഥം കണ്ടെത്തിയതായി കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ഉസ്‌ബെക്കിസ്ഥാനിലെ സംഭവത്തിന് സമാനമായി 2022നും 2023നും ഇടയിൽ ഇന്തോനേഷ്യയിൽ കഫ് സിറപ്പ് കഴിച്ച് 200 ലധികം കുട്ടികൾ മരിച്ചിരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം