WORLD

പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും ഭക്ഷണം, വെളളം കുടിച്ചിട്ട് 6 വർഷം, പോഷകാഹാരക്കുറവ്; വീഗൻ ഫുഡ് ഇൻഫ്ലുവൻസർ മരിച്ചു

39കാരിയായ സന്ന വർഷങ്ങളായി സമൂഹമാധ്യമങ്ങൾ വഴി നിരന്തരം വീഗൻ ഡയറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തിവരികയായിരുന്നു

വെബ് ഡെസ്ക്

വീഗൻ ഫുഡ് ഇൻഫ്ലുവൻസറായ റഷ്യൻ പൗര സന്ന സാംസോനോവ പോഷകാഹാരക്കുറവ് മൂലം മരിച്ചെന്ന് റിപ്പോർട്ട്. 39കാരിയായ സന്ന വർഷങ്ങളായി സമൂഹമാധ്യമങ്ങൾ വഴി നിരന്തരം വീഗൻ ഡയറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തിവരികയായിരുന്നു. ആറ് വർഷമായി വെളളം കുടിക്കാറില്ലെന്നും അടുത്തിടെ അവർ വെളിപ്പെടുത്തിയിരുന്നു.

സന്ന ഡി ആർട്ട് എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തെക്കുറിച്ച് ഇവർ പങ്കുവച്ചിരുന്നത്. കഴിഞ്ഞ മാസം തെക്കുകിഴക്കൻ ഏഷ്യയിലെ യാത്രയ്ക്കിടെയാണ് സന്നയുടെ നില ഗുരുതരമാകുന്നത്. തുടർന്ന് ചികിത്സ തേടിയ സന്ന ജൂലൈ 21നാണ് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പത്ത് വർഷത്തിലധികമായി പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചുവന്നിരുന്ന സന്നയ്ക്ക് ടിക് ടോക്ക് , ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുളള സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരാണുണ്ടായിരുന്നത്.

എന്നാൽ, വർഷങ്ങളായി പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും കഴിച്ചുവന്നിരുന്ന സന്ന കോളറ പോലെയുള്ള അണുബാധയെ തുടർന്നാണ് മരിച്ചതെന്ന് അമ്മ വെര സാംസൊനോവ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി പാകം ചെയ്യാത്ത സസ്യഹാരം കഴിച്ചിരുന്ന ശീലം സന്നയെ ശാരീരികമായി ദുര്‍ബലയാക്കിയെന്നാണ് അമ്മ പറയുന്നത്. അതേസമയം, സന്നയുടെ മരണത്തിന്റെ കാരണം ഔദ്യോഗികമായി ഇതുവരെയും പുറത്തുവന്നിട്ടില്ല. കുടുംബം മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഇതു ലഭിച്ചാൽ മാത്രമേ എന്താണ് മരണകാരണമെന്ന് കൃത്യമായി അറിയാൻ കഴിയുകയുളളൂ.

കുറച്ച് മാസങ്ങൾക്ക് മുൻപ്, ശ്രീലങ്കയിൽവച്ച് സന്നയെ വളരെ ക്ഷീണിതയായി അവസ്ഥയില്‍ കണ്ടിരുന്നെന്നും അവരോട് ആശുപത്രിയിൽ ചികിത്സ തേടാൻ ആവശ്യപ്പെട്ടെങ്കിലും കേട്ടിരുന്നില്ലെന്നും ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി പഴങ്ങളും മുളപ്പിച്ച സൂര്യകാന്തി വിത്തുകളും ആയിരുന്നു ഭക്ഷണമെന്ന് സന്ന സാംസോനോവ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, ചക്കയും ചക്കയുടേതിന് സാമ്യമുള്ള ദുരിയാന്‍ എന്ന പഴവും മാത്രമാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി സന്ന കഴിക്കുന്നതെന്ന് സന്നയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സന്നയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. പാകം ചെയ്യാത്ത പച്ചക്കറികൾക്കും പഴങ്ങൾക്കും നിരവധി ഗുണങ്ങളുണ്ടെങ്കിലും ഒട്ടനവധി പ്രശ്നങ്ങളുമുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എല്ലുകളുടെ ആരോ​​ഗ്യത്തിന് ആവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് വിളർച്ച, നാഡീവ്യവസ്ഥയുടെ തകരാർ എന്നിവയിലേക്ക് നയിച്ചേക്കാം. സന്ന കഴിച്ചിരുന്ന പഴങ്ങളിലെ രാസവസ്തുക്കളാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ ചിലർ ആരോപണം ഉയർത്തുന്നുണ്ട്.

രാഹുലിന്റെ ലീഡ് 15,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്