WORLD

ടൈറ്റൻ പേടകത്തിന് സംഭവിച്ചത് ഇതാകാം; സ്ഫോടനസാധ്യത സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ഉഗ്രസ്ഫോടനത്തോടെ റെയിൽ‌വേ ടാങ്കർ സെക്കൻഡുകൾക്കുള്ളിൽ ചുരുങ്ങിപ്പോവുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരതമ്യം

വെബ് ഡെസ്ക്

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയ ടൈറ്റന്‍ സമുദ്രപേടകത്തിലെ അഞ്ച് യാത്രികരും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് യുഎസ് കോസ്റ്റ് ഗാർഡ്. ഉയർന്ന മർദത്തിൽ പേടകത്തില്‍ സ്ഫോടനമുണ്ടായതാണ് സംശയിക്കുന്നത്. ഇത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഉയർന്ന മർദംമൂലം ഒരു റെയിൽ‌വേ ടാങ്കർ ഉഗ്രശബ്ദത്തോടെ സെക്കൻഡുകൾക്കുള്ളിൽ ചുരുങ്ങിപ്പോവുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈറ്റന്‍ പേടകത്തിന് എന്തായിരിക്കാം സംഭവിച്ചതെന്ന് വിശദീകരിക്കുന്നത്. ടാങ്കർ പൊട്ടിത്തെറിക്കുന്ന അതേ വേഗത്തിലായിരിക്കാം ടൈറ്റനിലും സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്.

വെള്ളത്തിനടയിൽ ഒരു പേടകം ചുരുങ്ങിപ്പോവുന്നതായുള്ള മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പേടകം ടാക്കോ ആകൃതിയിലുള്ള ലോഹക്കഷ്ണമായി ചുരുങ്ങുന്നതാണ് വീഡിയോകളിലൊന്ന്. സ്ഫോടനത്തിന് ശേഷം വായു കുമിളകളും ചുരുങ്ങിപ്പോയ പേടകവുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല.

കൊക്കകോളയുടെയോ പെപ്സിയുടെയോ ടിൻ കാനുകൾ കാണാത്തവർ കുറവായിരിക്കും. ഉപയോഗത്തിനുശേഷം ഞെരിക്കുകയോ താഴയിട്ട് ചവിട്ടുകയോ ചെയ്താൽ ഈ കാനുകൾക്ക് എന്ത് സംഭവിക്കും? അത് തന്നെയാണ് ഈ രണ്ട് വീഡിയോകളിലും പേടകങ്ങൾക്ക് സംഭവിക്കുന്നത്.

അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് പൊട്ടിത്തെറി പോലുള്ള ശബ്ദങ്ങൾ കേട്ടതായി യുഎസ് നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈറ്റൻ പേടകവുമായി മാതൃ കപ്പലിന് ആശയവിനിമയം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനശബ്ദം നാവികസേനയ്ക്ക് ലഭ്യമായത്.

ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം സ്ഥിതിചെയ്യുന്നതിൽനിന്ന് 1,600 അടി ഉയരത്തില്‍ ടൈറ്റൻ പേടകത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഉടമകളായ ഓഷ്യൻ ഗേറ്റ് കമ്പനി ഇന്നലെ അറിയിച്ചിരുന്നു. പേടകത്തിന് പിന്നിലെ കോണാകൃതിയിലുള്ള ഭാഗമാണ് കണ്ടെത്തിയത്. കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ തിരച്ചില്‍ തുടരുകയാണ്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം പേടവുമായുള്ള ആശയവിനിമയം മദർഷിപ്പ് പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, ടൈറ്റൻ പേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ