പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവര്‍ഷം കൂടി തടവ്. 2018ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷാവിധി. രണ്ട് വിവാഹങ്ങള്‍ക്കിടയിലെ നിര്‍ബന്ധിത ഇടവേള (ഇസ്ലാമിക ആചാരമായ 'ഇദ്ദത്') ലംഘിച്ചാണ് ബുഷ്‌റ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ഭര്‍ത്താവ് ഖവാര്‍ മനേകയാണ് പരാതി നല്‍കിയത്. അഡിയാല ജയില്‍ കോടതിയുടേതാണ് വിധി.
പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരെ നാലാമത്തെ കോടതി വിധിയും വന്നിരിക്കുന്നത്. ഇതിനു മുൻപ് സൈഫര്‍ കേസില്‍ പത്തുവര്‍ഷവും, തോഷാഖാന കേസിൽ ഭാര്യയ്‌ക്കൊപ്പം 14 വര്‍ഷം തടവുശിക്ഷയും ഇമ്രാന് ലഭിച്ചിരുന്നു. നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിയാണ് ഇമ്രാന്‍ ഖാന്‍ കഴിയുന്നത്. സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക.
വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി എന്ന നിലയില്‍ ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള തോഷാഖാന കേസ്. സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനൊപ്പം പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.
അതിനു മുൻപ്, ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും സൈഫര്‍ കേസില്‍ പ്രത്യേക കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്.
നൂറ്റിഅമ്പതോളം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ നിലവിലുള്ളത്. തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനാണ് ഇത്രയും കേസുകള്‍ കെട്ടിചമച്ചത് എന്നാണ് ഇമ്രാന്‍ ആരോപിക്കുന്നത്. സ്ഥാപക നേതാക്കള്‍ അടക്കം കലാപ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രിഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിച്ചേക്കുമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.